Showing posts with label നെല്ല്. Show all posts
Showing posts with label നെല്ല്. Show all posts

ഗോപിക- പുതിയ വിത്തുമായി യുവ കര്‍ഷകന്‍



തയ്യാറാക്കിയത് :സി.കെ. ശശി ചാത്തയില്‍
 
കൃഷിയിലെ അറിവിന്റെ പിന്‍ബലത്തില്‍ പുതിയ വിത്ത് ഉത്പാദിപ്പിച്ച് യുവകര്‍ഷകന്‍. മലപ്പുറം പുലാമന്തോള്‍ തിരുനാരായണപുരം ചോലപ്പറമ്പത്ത് ശശീധരന്‍ ആണ് പുതിയ നെല്‍വിത്തുണ്ടാക്കി മകളുടെ പേര്‍തന്നെ നല്കിയത്.കാര്‍ഷിക ശാസ്ത്രജ്ഞനായിട്ടല്ല തന്റെ കണ്ടെത്തലുകള്‍ എന്നതാണ് ശശിധരനെ വ്യത്യസ്തനാക്കുന്നത്.

പഴയകാല കര്‍ഷകരില്‍നിന്നുള്ള അറിവുകളും തന്റെ നെല്‍കൃഷിയിലെ അറിവുംസമന്വയിപ്പിച്ചാണ് പുതിയ കണ്ടുപിടിത്തം നടത്തിയത്. വര്‍ഷങ്ങളായി തന്റെ കൃഷിയിടത്തില്‍ നടത്തിവരുന്ന പരീക്ഷണമാണ് വിജയം കണ്ടത്. ഐശ്വര്യ, ജ്യോതി എന്നീയിനം വിത്തുകളില്‍നിന്നാണ് നൂറുമേനിവിളയുന്ന ഗോപികയുടെ കണ്ടെത്തല്‍.50 സെന്റ് സ്ഥലത്താണ് പരീക്ഷണ അടിസ്ഥാനത്തില്‍ കൃഷി നടത്തിയത്. ഒരു കതിരില്‍നിന്ന് ശരാശരി 110.140 നെല്‍മണികള്‍ ലഭിക്കുമ്പോള്‍ ഗോപികയില്‍നിന്ന് 160 മുതല്‍ 210 വരെ നെല്‍മണികള്‍ ലഭിക്കുന്നതായി ശശിധരന്‍ പറയുന്നു. സാധാരണവിത്തുകളില്‍ 14 മുതല്‍ 15 വരെ ചെനപ്പുകള്‍ ഉണ്ടാകുമ്പോള്‍ ഗോപികയില്‍ 45 മുതല്‍ 60 വരെ ചെനപ്പുകള്‍ ഉണ്ട്. ഉയരം കുറഞ്ഞതും രോഗപ്രതിരോധശേഷി കൂടുതലുള്ളതുമാണ് ഗോപിക. 110 ദിവസംത്തെ മൂപ്പാണ് ഉള്ളത്. ഉയരം കുറഞ്ഞതിനാല്‍ കാറ്റ് വീഴ്ചയുടെ പ്രശ്‌നവുമില്ല. നെല്ലിന്റെ പരീക്ഷണത്തില്‍ വിജയം കണ്ടതോടെ മഞ്ഞള്‍, ചേന എന്നിവയില്‍ പുതിയ പരീക്ഷണംആരംഭിച്ചു. നെല്‍കൃഷിക്ക് പുറമെ പച്ചക്കറികള്‍, വിവിധയിനത്തില്‍പ്പെട്ട അമ്പതോളം കോഴികള്‍, താറാവുകള്‍, പശുക്കള്‍ എന്നിവയും വളര്‍ത്തുന്നുണ്ട്. മൊബൈല്‍: 9495344237.

കടപ്പാട് : mathrubhumi - agriculture


Read More...

നെല്‍ക്കര്‍ഷകര്‍ക്ക് റെഡിമെയ്ഡ് പായ്ഞാറ്റടിയും

കടപ്പാട് : മാതൃഭൂമി കൃഷി
സി.കെ.ശശി, ചാത്തയില്‍, മൊബൈല്‍: 9633906049.
നെല്‍ക്കര്‍ഷകര്‍ക്ക് തുണയായി ഇനി റെഡിമെയ്ഡ് പായ്ഞാറ്റടിയും. കര്‍ഷര്‍ക്ക് ആവശ്യാനുസരണം പായ്ഞാറ്റടി തയ്യാറാക്കിക്കൊടുക്കുന്ന പുതിയസംരംഭത്തിന് കേരള കാര്‍ഷിക സര്‍വകലാശാല തയ്യാറെടുക്കുകയാണ്. കാര്‍ഷിക യന്ത്രവത്കരണത്തിലൂടെയും ഭക്ഷ്യസുരക്ഷാസേനയിലൂടെയും കൃഷിക്ക് പുനര്‍ജന്മം നല്കിയ മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തിലാണ് കര്‍ഷകര്‍ക്കാവശ്യമായ പായ് ഞാറ്റടി തയ്യാറാക്കി നല്കുന്നതിനുള്ള സജ്ജീകരണവും ഒരുക്കുന്നത്. ഇതിനായി ചൈനയില്‍നിന്ന് ഇറക്കുമതിചെയ്ത് ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തിയ യന്ത്രം പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായതായി കാര്‍ഷികഗവേഷണകേന്ദ്രം മേധാവി ഡോ. ജയ് കുമാരന്‍ പറഞ്ഞു.

നിലമൊരുക്കലും വരമ്പുവെക്കലുംമുതല്‍ കൊയ്ത്തും മെതിയുംവരെ യന്ത്രവത്കരിക്കാനും കാര്‍ഷിക യന്ത്രവത്കരണത്തില്‍ പരിശീലനം സിദ്ധിച്ച ഭക്ഷ്യ സുരക്ഷാസേനാ യൂണിറ്റുകള്‍ സംസ്ഥാനത്തിനകത്തും പുറത്തും സ്ഥാപിക്കാനും നേതൃത്വംനല്കിയ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ പുതിയസംരംഭം നെല്‍കൃഷി കൂടുതല്‍ എളുപ്പവും ലാഭകരവുമാക്കാന്‍ വഴിതെളിക്കും. വിവിധ തരത്തിലുള്ള ഞാറ്റടികള്‍ തയ്യാറാക്കി ഞാറ്റടിയുടെ ബലവും ഗുണനിലവാരവും നടീലിന്റെ കാര്യക്ഷമതയും പരിശോധിച്ചുവരികയാണിപ്പോള്‍, ദൂരസ്ഥലങ്ങളിലേക്ക് ഞാറ് കൊണ്ടുപോകാനുള്ള പെട്ടികള്‍ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണവും നടക്കുന്നു. സ്ഥലപരിമിതിമൂലം സാധാരണ ഞാറ്റടികള്‍ തയ്യാറാക്കുന്നതിന് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പായ് ഞാറ്റടി എന്ന സംവിധാനം നിലവില്‍വന്നത്.

ഒരേക്കര്‍നിലം നടാനുള്ള ഞാറ്റടിക്ക് 10 സെന്റ് സ്ഥലം വേണ്ടിയിരുന്ന സ്ഥാനത്ത് ഒരു സെന്റിലൊരുക്കിയ പായ്ഞാറ്റടി മതിയാവുമെന്ന് മാത്രമല്ല യന്ത്രനടീലിന് പായ് ഞാറ്റടിതന്നെ വേണംതാനും. പായ്ഞാറ്റടി കൈകൊണ്ട് തയ്യാറാക്കുന്നതിലെ ക്ലേശവും തൊഴിലാളി ദൗര്‍ലഭ്യവും ഒറ്റയടിക്ക് പരിഹരിക്കുന്നതാണ് പുതിയ സംവിധാനം. ഒരു കുതിരശക്തിയുള്ള യന്ത്രത്തില്‍ ട്രേകളില്‍ ഞാറ്റടി മിശ്രിതം നിറയ്ക്കാനുള്ള ടാങ്ക്, അത് നനയ്ക്കാനുള്ള സംവിധാനം, വിത്തും മേല്‍മണ്ണും നിറയ്ക്കാനുള്ള ടാങ്കുകള്‍ എന്നിങ്ങനെ നാലുഭാഗങ്ങളുണ്ട്. റെയിലില്‍ വരിയായി ഘടിപ്പിച്ചിരിക്കുന്ന ഈ ഭാഗങ്ങള്‍ ക്രമാനുഗതമായി ചലിക്കുമ്പോള്‍ പ്ലാസ്റ്റിക് ട്രേകളില്‍ പായ്ഞാറ്റടി രൂപപ്പെടും. വിത്തും വെള്ളവും മണ്ണും വീഴുന്നതിന്റെ അളവ് ക്രമപ്പെടുത്താനുള്ള സംവിധാനങ്ങളും യന്ത്രത്തിലുണ്ട്. ഒരേക്കര്‍നിലത്ത് നടീല്‍ നടത്താന്‍ ഏകദേശം 120 ട്രേ പായ്ഞാറ്റടിവേണ്ടിവരുമെന്ന് ഡോ. ജയ്കുമാരന്‍ പറഞ്ഞു. ഒരു മണിക്കൂറില്‍ 600 ട്രേ ഞാറ്റടികളാണ് യന്ത്രത്തില്‍നിന്ന് ലഭിക്കുക. ഒരു മണിക്കൂര്‍ക്കൊണ്ട് അഞ്ചേക്കര്‍ നിലത്ത് നടാനുള്ള ഞാറ്റടികള്‍ തയ്യാറാക്കാമെന്നര്‍ഥം. ഇവ 14 ദിവസത്തിനുശേഷം യന്ത്രനടീലിന് ഉപയോഗിക്കാം. കര്‍ഷകര്‍ ആവശ്യാനുസരണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് ഞാറ്റടികള്‍ എത്തിച്ചുകൊടുക്കാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പായ്ഞാറ്റടികള്‍ വിതരണം ചെയ്യുന്ന വ്യവസായ സംരംഭങ്ങള്‍ നിലവിലുണ്ട്. കേരത്തിലെ കര്‍ഷകര്‍ക്കും താമസിയാതെ ഈ സൗകര്യം ലഭ്യമാവും. ഫോണ്‍: 0487 2370051.


ലേഖനത്തിലേക്കുള്ള ലിങ്ക് : http://www.mathrubhumi.com/agriculture/story-288361.html


Read More...

നവര നെല്ല്

       ആദ്യ കാലങ്ങളിലും ഇപ്പോഴും ഒരേരീതിയില്‍ മറ്റു രാസവളം ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന ആദ്യ കാല നെല്ലിനങ്ങളില്‍ പെടുന്നു നവരനെല്ല്. ഭക്ഷണാവശ്യത്തിന് പുറമെ ഈ നെല്ല് കൊണ്ട് പല രോഗങ്ങളും മാറ്റാന്‍ സാധിക്കും. വാതത്തിന് നവരനെല്ലാണ് അവസാന മാര്‍ഗ്ഗം. നവര കിഴിയാക്കി ഉപയോഗിക്കുന്നു. അതായത് നവര അരി വെന്തതിനു ശേഷം കിഴിയിലാക്കി വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം ആശ്വാസം പകരുന്നു. പ്രസവ രക്ഷ മുതല്‍ എല്ലാ ലേഹ്യങ്ങളിലും ധാന്യങ്ങളില്‍ നവര ഗോതമ്പ്, തെന, ചോളാണ്ടി എന്നിവയ്ക്കും ചേര്‍ത്തിരിക്കുന്നു.
കര്‍ക്കിടക മാസത്തിലെ പ്രധാന ആകര്‍ഷണമാണ് ഞവര. യൌവ്വനം നിലനിര്‍ത്തുന്നതിനായി യവനമുനി ഉപദേശിച്ച അപൂര്‍വ ധാന്യമാണ് ഞവര എന്നു കരുതപ്പെടുന്നു. നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്ന ഈയിനം നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളത്തില്‍ കുഞ്ഞിനെല്ല്, എരുമക്കരി, നെടുവാലി, വേല്‍വാലി, ചെമ്പാവ്, കവുങ്ങിന്‍ പൂതാല, കളമപ്പാരി, നരിക്കാരി, വരകന്‍, പൂവാളി, തനവല, കരിങ്കുറുവ, പെരുനെല്ല്, ഉളിങ്കത്തി, വലനെല്ല്, ചിറ്റേനി, ആനൂരി, ചെന്നെല്ല് തുടങ്ങിയ നെല്‍വിത്തിനങ്ങള്‍ക്കും ഔഷധഗുണങ്ങളുണ്ടെങ്കിലും ഞവരയുടെ ശ്രേഷ്ഠത ഒന്നുവേറെത്തന്നെയാണ്.
നാട്ടുവൈദ്യത്തില്‍ പ്രായഭേദ്യമന്യേ ഞവരക്കഞ്ഞി ഉത്തമാഹാരമാണ്. ക്ഷീണം, ബലക്ഷയം, ഉദരരോഗം, പനി എന്നിവയ്ക്ക് പ്രതിവിധിയുമാണ്. സന്ധിബന്ധങ്ങള്‍ക്ക് ഉറപ്പും പ്രസരിപ്പും പ്രദാനം ചെയ്യും. ആറുമാസം പ്രായമായ കുട്ടികള്‍ക്ക് ഞവരയുടെ ഉമി പൊടിച്ചുവറുത്തതും ഏലക്കാപ്പൊടിയും (കുന്നന്‍വാഴയുടെ) ചേര്‍ത്തുണ്ടാക്കുന്ന കുറുക്ക് വിശിഷ്ടമാണ്. ഞവരയുടെ കഞ്ഞിവെള്ളം ധാരകോരുന്നത് മുടികൊഴിച്ചാല്‍ ശമിപ്പിക്കും. ഞവര ചക്കരയും നെയ്യും ചേര്‍ത്ത് പായസമാക്കി കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. ഞവര അരിയുടെ മലര്, വെള്ളത്തിലോ മോരിലോ ചേര്‍ത്ത് കഴിക്കുന്നത് വയറിളക്കത്തിന് ഫലപ്രദമാണ്. ഞവരച്ചോറും കറിവേപ്പിലയും പുളിച്ചമോരും ചേര്‍ത്ത് കഴിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും. ബീജവര്‍ധനക്കും ഞവര ഉത്തമമെന്ന് കരുതപ്പെടുന്നു. കാലിന് ബലക്ഷയമുള്ള കുട്ടികള്‍ക്ക്, ഞവരച്ചോറ് അരയ്ക്ക് കീഴ്പോട്ട് തേച്ചു പിടിപ്പിക്കുന്നത് ഫലം ചെയ്യും. പാമ്പുകടിയേറ്റവര്‍ക്ക് കൊടുക്കാവുന്ന സുരക്ഷിത ഭക്ഷണമാണ് ഞവരച്ചോറ്. ആയുര്‍ വേദത്തില്‍ ഞവരക്ക് വിശിഷ്ഠ സ്ഥാനമാണ് കല്‍പിച്ചു നല്കിയിട്ടുള്ളത്. രക്ത, ദഹന, നാഡി, ശ്വാസചംക്രമണവ്യവസ്ഥകള്‍ക്ക് ഞവര വളരെ ഗുണം ചെയ്യുന്നു. ധാതുബലം വര്‍ധിപ്പിക്കുന്നതിനും ഞവര ഉത്തമമാണ്. നാഡീ-പേശി സംബന്ധമായ ന്യൂനതകള്‍ക്കും ഉത്തമ പ്രതിവിധിയാണ്. പഞ്ചകര്‍മ്മ ചികില്‍സയില്‍ ഏറെ പ്രാധാന്യമുണ്ടിതിന്. പച്ചനെല്ല് കുത്തിയെടുക്കുന്ന അരിയാണ് കിഴിക്ക് ഉപയോഗിക്കുന്നത്. കുറുന്തോട്ടി ചേര്‍ത്ത് പാലില്‍ വേവിച്ച ഞവരയരി കിഴികെട്ടി, അഭ്യംഗം ചെയ്ത ശരീരത്തില്‍ ചെറുചൂടോടെ സ്വേദനം (വിയര്‍പ്പിക്കല്‍) നടത്തുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ പുറമെനിന്നും നല്കുന്ന ചെറിയ സമ്മര്‍ദം, ത്വക്കില്‍ സമൃദ്ധമായുളള ചെറിയ രക്തക്കുഴലു(കാപ്പിലറികള്‍)കളുടെ പോഷണ വിനിമയ ശേഷി ഗണ്യമായി വര്‍ധിപ്പിക്കുന്നുവെന്നും, സിരകളുടെ, പൊതുവെ ചുരുങ്ങിക്കിടക്കുവാനുള്ള പ്രവണത വ്യത്യാസപ്പെടുത്തി രസായന ഗുണമായ ശരീരപുഷ്ടിക്ക് കാരണമാകുന്നുവെന്നും പറയപ്പെടുന്നു. സമ്മര്‍ദ്ദത്തോടൊപ്പമുള്ള ചൂടും സ്നിഗ്ധതയും നാഡീപ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനാല്‍ വാതശമനവും സാധ്യമാണ്. വിവിധതരത്തിലുള്ള പക്ഷാഘാതങ്ങള്‍ക്കും സ്പോണ്ടിലൈറ്റിസ്, മയോപ്പതി തുടങ്ങിയവക്കും ഇത്തരത്തിലുള്ള സ്വേദനം പ്രതിവിധിയാണ്. ഞവരക്കിഴി സാധ്യമാവാത്ത വളരെ ക്ഷീണമുള്ള രോഗികളില്‍, ഞവരച്ചോറു തേച്ചുള്ള ‘ഷാഷ്ഠികാന്നലേപന’ (ഞവരത്തേപ്പ്)വും ഫലപ്രദമാണ്. ഭക്തരോധം, സ്തംഭനം, തരിപ്പ്, തളര്‍ച്ച, ചുട്ടുനീറ്റം, എല്ലുകള്‍ക്ക് ഒടിവ്, രക്തവാതം, കൈകാല്‍ മെലിച്ചില്‍ എന്നിവക്കും ഈ ലേപനം ഗുണകരമാണ്.
പഴയ കാല നെല്ലുകളുടെ പേര്
· തെക്കന്‍‍ചീര
· ചീരാചെമ്പന്‍
‍· തൊണ്ണൂറാന്‍
‍· തവളക്കണ്ണന്‍
‍· ആമങ്കാരി
· ചോന്തയമ്മ
· താണിയന്‍
‍· കവിങ്ങിന്‍‍പൂക്കുല
· ബസൂരി
· കൊത്തമ്പാലിചീര
· കസ്തൂരിചീര
· ആര്യനെല്ല്
· ചെറുവെള്ളരി
· കുമ്പളോന്‍

അവലംബം :
↑ കേരള ഇന്നവേഷൻ ഫൗണ്ടേഷന്റെ നാട്ടറിവുകളുടെ ശേഖരണവും ഡിജിറ്റലൈസേഷനും എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയ നവര നെല്ലിനെക്കുറിച്ചുള്ള ലേഖനത്തിൽ നിന്ന്. http://kif.gov.in/ml/index.php?option=com_content&task=view&id=84&Itemid=29 
Read More...

Share