തയ്യാറാക്കിയത് : കെ.ആര്‍. സേതുരാമന്‍ krsiyyer@gmail.com
മൂന്നരയേക്കറില്‍ വിശാലമായി അടച്ചുകെട്ടിയ സ്ഥലം. അതിനുളളില്‍ സ്വതന്ത്രമായി വിഹരിക്കുന്ന പോത്തിന്‍കുഞ്ഞുങ്ങള്‍. പറമ്പിന് നടുവിലെ തൊഴുത്തില്‍ നിരനിരയായി സങ്കരയിനം കറവപ്പശുക്കള്‍. ആറുപേര്‍ ചേര്‍ന്ന് ഒന്‍പതുമാസം മുന്‍പ് ഒരു ഫാമിന് തുടക്കമിടുമ്പോള്‍ അവര്‍പോലും സ്വപ്നം കണ്ടില്ല ഇതൊരു ഹൈടെക്ക് ഗോശാലയാക്കാമെന്ന്. പക്ഷെ കൂട്ടായ്മയില്‍ അനുദിനം മുന്നേറുന്ന ഈ ക്ഷീരകര്‍ഷകര്‍ ഇപ്പോള്‍ തങ്ങളുടെ സ്വപ്നങ്ങളും കയറൂരിവിടുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണ കൂടി ലഭിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ തങ്ങളുടെ സംരഭം കൂടുതല്‍ വിപുലമാക്കാന്‍ ഒരുങ്ങുകയാണ്. പാണാവള്ളിയിലെ കല്പക ഫാമിന്റെ കാഴ്ചകളിലേക്ക്.....
2011 ജൂണ്‍ മാസം. ചേര്‍ത്തല താലൂക്കിലെ പാണാവള്ളി ഗ്രാമത്തില്‍ ഒത്തുചേര്‍ന്ന ഒരുസംഘം വൈകുന്നേരം വെടിവട്ടം പറയുകയായിരുന്നു. ഇതിനിടെയാണ് ഫാം ചര്‍ച്ചാവിഷയമായത്. വര്‍ഷങ്ങളായി വീട്ടില്‍ പശുകെട്ടുന്ന പുത്തന്‍വീട്ടില്‍ കൃഷ്ണന്‍ നായരായിരുന്നു നാല്‍ക്കാലി വിഷയമാക്കിയത്. കേട്ടപ്പോള്‍ ഹരംകേറിയ മറ്റുള്ളവര്‍ കാര്യം ഗൗരവത്തിലാക്കി. ചിറ്റയില്‍ സി.പി.ഹരിദാസ്, കെ.ജി.എസ്.നിലയത്തിലെ ശ്രീപതി, പൈനൂര്‍ വിജയന്‍, പാണാവള്ളിയില്‍ കൃഷ്ണ കേബിള്‍ നടത്തുന്ന ബൈജു ജി. നായര്‍ (ഉണ്ണി) എന്നിവരായിരുന്നു മറ്റുളളവര്‍.
ഫാമിന്റെ തുടക്കത്തിനായി പിന്നീടുളള ഓട്ടം. ഇതിനിടെ വിവരം വിദേശത്ത് ജോലിചെയ്യുന്ന പൈനൂര്‍ ജയദേവനും അറിഞ്ഞു. ഫാമിനൊപ്പം താനും ചേരുന്നു എന്ന് ദേവന്‍ പറഞ്ഞതോടെ ആറംഗസംഘമായി. മൃഗസംരക്ഷണവകുപ്പിനെ സമീപിച്ചപ്പോള്‍ ഏറെ അനുകൂലമായി പ്രതികരണം.
അംഗങ്ങളുടെ ഉടമസ്ഥതയിലുളള മൂന്നരയേക്കര്‍ സ്ഥലം ഫാമിനായി തയ്യാറാക്കിയപ്പോഴേക്കും സര്‍ക്കാറിന്റെ സഹായം ഇവര്‍ക്ക് ലഭിച്ചു. അഞ്ച് പശുക്കളുമായി 2011 ഡിസംബറില്‍ ഫാമിന് തുടക്കമായി. ആറംഗസംഘം തങ്ങളുടെ മുതല്‍മുടക്കുകൂടി ഇറക്കിയപ്പോള്‍ ഫാമിന്റെ വളര്‍ച്ച പെട്ടന്നായി. ഇന്ന് ഒന്‍പത് മാസത്തിനിപ്പുറം ഫാമിന്റെ സമൃദ്ധി ഇങ്ങനെ... ജേഴ്‌സിയുള്‍പ്പെടെ സങ്കരയിനത്തില്‍പ്പെട്ട 25 പശുക്കളും അതിന്റെ കിടാങ്ങളും. 20 പോത്തിന്‍കുഞ്ഞുങ്ങളും.
തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ ദിവസങ്ങള്‍ ചുറ്റിയടിച്ചശേഷമാണ് ഇവര്‍ ഫാമിലേക്കുള്ള പശുക്കളെ കണ്ടെത്തിയത്. നല്ലയിനം നാല്‍ക്കാലിയെ കണ്ടെത്താന്‍ പാണാവള്ളി മൃഗാശുപത്രിയിലെ ഡോ.എ.മനോജും തൈക്കാട്ടുശ്ശേരി ഡയറി ഓഫീസര്‍ അക്ബര്‍ ഷായും ഉണ്ടായിരുന്നു. പശുക്കളെ എത്തിച്ചപ്പോള്‍ അതിന്റെ പരിചരണത്തെക്കുറിച്ചായി ചിന്ത. ഇതിനും വിദഗ്‌ധോപദേശം ലഭിച്ചപ്പോള്‍ ഫാം ഹൈടെക്കായി.
തൊഴുത്തില്‍ പശുക്കള്‍ക്ക് കാറ്റുകൊള്ളുന്നതിനായി ഫാന്‍ സ്ഥാപിച്ചു. പിന്നെ പാട്ടുകേള്‍ക്കുന്നതിനുളള സംവിധാനവും ഒരുക്കി. കുളമ്പുരോഗവും മറ്റും അകറ്റുന്നതിനായി തൊഴുത്തില്‍ കട്ടിയേറിയ റബ്ബര്‍ ഷീറ്റ് വിരിച്ചു. രാത്രിയില്‍ വെളിച്ചത്തിനായി ലൈറ്റും ഇട്ടു. എപ്പോഴും കുടിവെളളം കിട്ടുന്നതിനായി ഓരോ പശുവിനു മുന്നിലും പാത്രവും വച്ചു. ഇതില്‍ ശുദ്ധജലം ഒഴിയാതിരിക്കുന്നതിനായി വാട്ടര്‍ ലെവല്‍ അടിസ്ഥാനപ്പെടുത്തി പ്രത്യേക സംവിധാനവും ഒരുക്കി. ഇതിനാല്‍ നിശ്ചിതയളവില്‍ എപ്പോഴും പാത്രത്തില്‍ വെള്ളമുണ്ടാകും. ഇതോടെ ഗ്രാമത്തിലെ ഗോശാല അത്യാധുനികമായി.
പശുക്കളുടെ പരിചരണത്തിനൊപ്പം ഭക്ഷണവും പാല്‍ ഉത്പാദനത്തില്‍ പ്രധാനമാണെന്ന തിരിച്ചറിവിലാണ് സംഘം പുല്‍ക്കൃഷി ആരംഭിച്ചത്. ക്ഷീരവകുപ്പിന്റെ സഹായത്തോടെ ഒന്നരയേക്കര്‍ വരുന്ന സ്വന്തം ഭൂമിയില്‍ സി.ഒ.3 എന്ന പുല്ല് നട്ടു. ഇതോടെ പശുക്കള്‍ക്കാവശ്യമായ പച്ചപ്പുല്ല് തോട്ടത്തില്‍ നിന്നായി. എപ്പോഴെങ്കിലും തോട്ടത്തില്‍ പുല്ല് ഇല്ലാതെ വന്നാല്‍ പുറമെനിന്ന് വാങ്ങി നല്‍കും. നാട്ടില്‍ കച്ചി ആവശ്യത്തിന് കിട്ടാതായപ്പോഴാണ് ഇവര്‍വീണ്ടും തമിഴ്‌നാടിന് വണ്ടികയറിയത്. തെങ്കാശിയില്‍നിന്ന് കച്ചി കിട്ടി. കാലിത്തീറ്റ കമ്പനികളില്‍നിന്ന് നേരിട്ടാണ് ഇവര്‍ വാങ്ങുന്നത്.
ഫാമിലെ പശുക്കള്‍ പാട്ടുകേട്ട് പാല്‍ ചുരത്തിയതോടെ ഇത് കറന്നെടുക്കാന്‍ യന്ത്രവും ഇവര്‍ സ്വന്തമാക്കി. രണ്ടുനേരത്തെ കറവയിലൂടെ നിത്യേന ഇവിടെ 250 ലിറ്ററിന് മേല്‍ പാല്‍ കറക്കുന്നു. പാലില്‍ 75 ശതമാനവും നാട്ടിലെ വീടുകളിലാണ് വിറ്റഴിക്കുന്നത്. ബാക്കി ഡയറിയില്‍ നല്‍കും. രാവിലെ ഏഴുമണിക്ക് മുന്‍പ് വീടുകളില്‍ പാല്‍ എത്തിക്കുന്നതിന് വാഹനങ്ങളും ഫാമില്‍ വാങ്ങിയിട്ടുണ്ട്. ഒരുലിറ്റര്‍ പാലിന് 30 രൂപയാണ് ഈടാക്കുന്നത്
പശുവിനെ കൂടാതെ ഫാമില്‍ പോത്തിന്‍കുഞ്ഞുങ്ങളെയും വളര്‍ത്തുന്നു. ഇപ്പോള്‍ ആറുമാസം പ്രായമായ പോത്തിന്‍കുഞ്ഞുങ്ങളെ കൊണ്ടുവന്ന് ഫാമില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ വിട്ടിരിക്കുകയാണ്. വളര്‍ച്ചയെത്തുമ്പോള്‍ ഇവയെ വില്‍ക്കും. പശുക്കളുടെ പാല്‍ മാത്രമല്ല ചാണകവും ഗോമൂത്രവും ഇവിടെനിന്ന് ലഭിക്കും. ചാണകം വേണ്ടവര്‍ക്ക് അത് വീട്ടിലെത്തിച്ച് നല്‍കും. എന്നാല്‍ ഗോമൂത്രം വേണമെങ്കില്‍ അതിനുളള പാത്രവുമായി ഫാമിലെത്തണമെന്നു മാത്രം. തുച്ഛമായ വില ഇതിനും ഈടാക്കുന്നുണ്ട്.
തൊഴുത്ത് ശുചീകരിക്കല്‍, പശുക്കളുടെ പരിചരണം എന്നിവയ്ക്കായി തമിഴിനാട്ടിലെ ഒരുകുടുംബത്തിനെ ഫാമില്‍ നിര്‍ത്തിയിട്ടുണ്ട്. പോത്തിന്‍കുഞ്ഞുങ്ങളുടെ പരിചരണത്തിന് നാട്ടില്‍നിന്നുളള ആളുകളുമുണ്ട്. പാല്‍വിതരണത്തിന് എത്തുന്നവര്‍ വേറെയാണ്. മുതല്‍മുടക്കിയവരില്‍ വിദേശത്തുള്ള ദേവനൊഴികെ മറ്റെല്ലാവര്‍ക്കും ഫാം നടത്തിപ്പില്‍ നിര്‍ണായക പങ്കാണുളളത്. ഒരാള്‍ പശുവിന്റെ ആരോഗ്യകാര്യങ്ങള്‍ നോക്കുമെങ്കില്‍ മറ്റൊരാള്‍ തീറ്റ നോക്കും. കണക്കും കാലിത്തീറ്റവാങ്ങലും ഒക്കെയായി ജോലികള്‍ ഓരോരുത്തരുടെ നേതൃത്വത്തിലാണ്. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.വിനോദ് കുമാര്‍, പാണാവള്ളി ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ സഹായസഹകരണങ്ങള്‍ എപ്പോഴും ഫാമിന് ലഭ്യമാണെന്ന് ആറംഗസംഘം പറയുന്നു.
ഒന്‍പത് മാസം കൊണ്ട് മുതല്‍മുടക്ക് ലഭിച്ചെങ്കിലും അതെടുക്കാതെ ഫാം വിപുലീകരിക്കാനാണ് ഇവര്‍ ലക്ഷ്യംവെക്കുന്നത്. ഫാമിനുള്ളിലെ ചെറുതോടുകളില്‍ മത്സ്യം വളര്‍ത്തുക എന്നതാണ് ഇതില്‍ പ്രധാനം. ഇതിനായി 15 സെന്റ് വിസ്തീര്‍ണം വരുന്ന ജലാശയം തയ്യാറാക്കി. ഇനിയും ചെറിയതോടുകള്‍ ഇവിടെയുണ്ട്. കോഴി, ആട് ഫാമും കിടാരി വളര്‍ത്തലും പോളിഹൗസ് തയ്യാറാക്കി ഹൈടെക്ക് പച്ചക്കറിക്കൃഷി എന്നിവയും ചെയ്യാനാണ് ഇനി ഇവരുടെ പദ്ധതി. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ സഹകരണവും
ഇവര്‍ തേടുന്നു.
0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍
fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)