Showing posts with label നാട്ടറിവുകള്‍. Show all posts
Showing posts with label നാട്ടറിവുകള്‍. Show all posts

ചെലവില്ലാ കൃഷി ലാഭകൃഷി


ചെലവില്ലാ കൃഷി ലാഭകൃഷി


കിസാന്‍/ഐ. ദിവാകരന്‍
ബക്കളത്തെ സി. അനില്‍കുമാറിന്റെ കൃഷി സ്ഥലത്ത് ഇവയെല്ലാം ഇത്തരത്തില്‍ തഴച്ചുവളരുമ്പോള്‍ ഇതിനെല്ലാം ചാക്കിലും കൊട്ടയിലും വളവും കീടനാശിനികളുമായി തൊടിയില്‍ വിഷം കേറ്റാന്‍ മെനക്കെടാറില്ല ഈ യുവകര്‍ഷകന്‍. ഇപ്പോഴും പലരും അവിശ്വാസ്യതയോടെ മാത്രം നോക്കിക്കാണുന്ന സുഭാഷ് പലേക്കറിന്റെ ചെലവില്ലാ പ്രകൃതി കൃഷിയാണ്  തന്റെ നേട്ടത്തിന് പിന്നിലെന്നാണ് അനില്‍കുമാര്‍ പറയുന്നത്. കൃഷി പണക്കിന് ആളെക്കിട്ടാതെ വിഷമിക്കുന്ന  ഈ കാലത്ത് ഈ രീതി നടപ്പിലാക്കിയാല്‍ പണിക്കൂലി ഇനത്തില്‍ മാത്രം 75% ലാഭിക്കാന്‍ സാധിക്കുമെന്നും അനില്‍കുമാര്‍ പറയുന്നു.
ഈ കൃഷിരീതിയിലൂടെ തന്റെ പറമ്പില്‍ കൊത്തും കിളയും നടത്തുന്നത് മനുഷ്യനല്ലെന്നും പകരം മണ്ണിരയും സൂക്ഷ്മാണുവുമാണെന്ന്  അനില്‍കുമാറിന്റെ വിശദീകരണം. വളത്തിനുപകരം നാടന്‍ പശുവിന്റെ ചാണകവും മൂത്രവും മറ്റും ഉപയോഗിച്ച് തയ്യാറാക്കിയ ജീവാമൃതം മണ്ണിലേയ്ക്ക് ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. വിളകള്‍ക്കുവളരാന്‍ ആവശ്യമായ മൂലകങ്ങള്‍ നമ്മുടെ മണ്ണില്‍ തന്നെയുണ്ടെങ്കിലും ഇതൊന്നും ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പറ്റുന്ന രൂപത്തിലല്ല. ജീവാമൃതം  കോടാനുകോടി സൂക്ഷ്മാണുക്കളുടെ ശേഖരമാണ്.
മണ്ണില്‍ ഇറങ്ങിച്ചെന്ന് വിഘടിക്കാതെ കിടക്കുന്ന മൂലകങ്ങളെ വിഘടിപ്പിച്ച് ചെടികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ജോലി ജീവാമൃതം നല്‍കുമ്പോള്‍ മണ്ണിനടിയില്‍ സമാധിയിലുള്ള മണ്ണിരകള്‍ മുകളിലേയ്ക്ക് വന്ന് ഇവ ഭക്ഷിച്ച് താഴേയ്ക്ക് പോവുകയും ഈ പ്രക്രിയ തുടരുകയും ചെയ്യുന്നു. ഇത്തരത്തില്‍  മണ്ണിന്റെ അടിത്തട്ടിലുള്ള മൂലകങ്ങള്‍ മുകള്‍ തട്ടിലെത്തുകയും മണ്ണിരകള്‍ സഞ്ചരിച്ച വഴി മണ്ണിലേയ്ക്ക് ജലവും വായുപ്രവാഹവും സുഗമമാക്കുകയും ചെയ്യുന്നു. ജീവാമൃതം ചെടികളുടെ ഇലയില്‍ തളിച്ചാല്‍ അന്തരീക്ഷത്തിലുള്ള നൈട്രജനും മറ്റു മൂലകങ്ങളും പെട്ടെന്ന് വലിച്ചെടുക്കുകയും ചെയ്യുമെന്നും അനില്‍കുമാര്‍ വിശദീകരിക്കുന്നു. മാത്രവുമല്ല ഇത് കീടബാധകളെ അകറ്റുകയും ചെയ്യും.

രാസവളങ്ങളും കീടനാശിനികളും മണ്ണിനെ ഇഞ്ചിഞ്ചായ് കൊല്ലുമ്പോഴാണ് കര്‍ഷകര്‍ക്ക് കൃഷി നഷ്ടത്തിലാകുകയും ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നത്. ഇത്തരത്തില്‍ ഒരിക്കല്‍ കൃഷി ഉപേക്ഷിച്ച കര്‍ഷകനാണ് താനെന്നും മുന്‍പ് രാസവളങ്ങള്‍ ഉപയോഗിച്ച് ചെയ്ത വാഴകൃഷിയുടെ അനുഭവം ചൂണ്ടിക്കാട്ടി അനില്‍കുമാര്‍ പറയുന്നു.
കീടനാശിനിയും രാസവളവും ഉപയോഗിച്ച് വാഴകൃഷി നടത്തിയപ്പോള്‍ ഒരു വാഴയില്‍ നിന്ന് 6-7 കിലോഗ്രാം തൂക്കമുള്ള കുലകളാണ് ലഭിച്ചത്. എന്നാല്‍ കൊത്തും കിളിയും വളപ്രയോഗവുമില്ലാതെ ജീവാമൃതം മാത്രം ഉപയോഗിച്ച് കൃഷി നടത്തിയപ്പോള്‍ 14-15 കിലോഗ്രാം വരെയായി ഉയര്‍ന്നു. സാധാരണ കീടനാശിനികള്‍ മുക്കി വാഴക്കന്ന് നടുന്നതിന് പകരം പശുവിന്റെ മൂത്രവും  ചാണകവും ഉപയോഗിച്ച് തയ്യാറാക്കിയ ജീവാമൃത ലായനിയില്‍ മുക്കിയാണ് നട്ടത്. മാസത്തില്‍ രണ്ട് തവണ ജീവാമൃതം വാഴയുടെ ഇലയിലും ചുവട്ടിലും തളിച്ചപ്പോള്‍ മുന്‍പുണ്ടായിരുന്ന  കീടബാധയും ഇല്ലാതായി. ഇഞ്ചികൃഷിയും ചേനകൃഷിയിലും കരിമ്പുകൃഷിയിലും ഇതുതന്നെയായിരുന്നു തുടര്‍ന്നത്.
ഇതിനെല്ലാം മൂലകപോഷകമായ ജീവാമൃതം തയ്യാറാക്കുന്നത് വളരെ എളുപ്പമാണെന്നും അനില്‍കുമാര്‍ പറയുന്നു. ഇപ്പോള്‍ മരച്ചീനിക്കൊപ്പം ഇടവിളയായി വിളവിന്റെ കാലാവദി കുറഞ്ഞ ചോളം, കാബേജ്, കോളിഫ് ളവര്‍, ഉഴുന്ന്  മറ്റു പച്ചക്കറികള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പത്ത് വര്‍ഷത്തോളം വിദേശത്തായിരുന്ന അനില്‍കുമാര്‍ അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരിച്ചെത്തി കാര്‍ഷികമേഖലയിലേയ്ക്ക് തിരിഞ്ഞത്. കൃഷിസ്ഥലത്ത് അര ഏക്കറോളം സ്ഥലത്ത് പാറയായതിനാല്‍ അതിനുമുകളില്‍ ഒരടിയോളം മണ്ണ് ഇട്ടാണ് കൃഷി നടത്തുന്നത്. പ്രകൃതിയിലേയ്ക്ക്  മടങ്ങിയാല്‍ കൃഷി നമ്മളെ ചതിക്കില്ലെന്നും കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാമെന്നുമാണ് ഈ യുവാവിന്റെ അനുഭവസാക്ഷ്യം. മുന്‍പ് കണ്ണൂരിലും മറ്റും നടന്ന കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ അനില്‍കുമാറിന്റെ ജൈവകൃഷിയുല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി അധികൃതര്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നു. അനില്‍കുമാറിന്റെ ഫോണ്‍ നമ്പര്‍: 9446697524

ജീവാമൃതം തയ്യാറാക്കുന്നത് എങ്ങനെ?
ഒരു ഏക്കര്‍ സ്ഥലത്ത് ഉപയോഗിക്കാന്‍ നാടന്‍ പശുവിന്റെ പത്ത് കിലോഗ്രാം ചാണകവും 10 ലിറ്റര്‍ മൂത്രവും ആവശ്യമാണ്. ഇതോടൊപ്പം ഏതെങ്കിലും പയറിന്റെ പൊടി രണ്ട് കിലോഗ്രാം, 2 കിലോഗ്രാം വെള്ളം- അല്ലെങ്കില്‍ ഇത്രയും തൂക്കം പഴച്ചാറോ തേങ്ങാവെള്ളമോ ആകാം, ഒരു പിടി രാസവളം കലരാത്ത മണ്ണ്, 200 ലിറ്റര്‍ വെള്ളം എന്നിവ ചേര്‍ത്ത് ബാരലില്‍ നിറച്ച് വലത്തോട്ട് ഇളക്കണം. ദിനംപ്രതി മൂന്ന് തവണ ഇത്തരത്തില്‍ ഇളക്കി ചണച്ചാക്ക് കൊണ്ട് മാത്രം മൂടിവെയ്ക്കുക. മൂന്ന് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഇവ എത്ര ഇരട്ടി വെള്ളം വേണമെങ്കിലും ചേര്‍ത്ത് വിളയുടെ ഇലകളിലും ചുവട്ടിലും തളിച്ചുകൊടുക്കാം. രാവിലെ 9ന് മുമ്പും വൈകിട്ട് വെയില്‍ പോയതിനുശേഷവുമാണ് ജീവാമൃതം ഉപയോഗിക്കേണ്ടത്.
കടപ്പാട് : ദൂല്‍ ന്യൂസ് (കൃഷി) 
Read More...

ഔഷധസസ്യങ്ങളും ഉപയോഗങ്ങളും


ഔഷധസസ്യങ്ങള്‍                ഉപയോഗം            
ചെങ്ങണപ്പുല്ല്         ചെങ്ങണ തൈലം ഉണ്ടാക്കാന്‍          
വട്ടപെരികിന്‍തൂമ്പ്  മുറിവു സംഭവിച്ചാല്‍ചോരനില്‍ക്കുന്നതിനുംവേഗംഉണങ്ങുന്നതിനും.       
കുറുന്തോട്ടി               വാതസംബന്ധമായഅസുഖങ്ങള്‍        
കടുക്ക                     മലശോധനം         
അകത്തി                 ജാരാഗ്നി വര്‍ദ്ധിപ്പിക്കും
ഉവുങ്ങ്                     വാതം, കഫം, കുഷ്ഠം, കൃമി, വ്രണം
കുറിഞ്ഞി                 ചുട്ടു നീറ്റല്‍, പിത്തം, വാതരക്തം, ക്ഷതം, ചുമ
ജാതിക്ക                  കൃമി,വാതം,ക്ഷയം,വലിവ്,ഹൃദ്രോഗം, അഗ്നിബലം
ഉലുവ                      വാതം, കഫം, ഛര്‍ദ്ദി, ജ്വരം, കൃമി എന്നിവക്ക്
കരിംജീരകം           കഫം,വീക്കം,പുരാണജ്വരം,വാതം,നേത്രരോഗം, ഗര്‍ഭാശയശുദ്ധീകരണം          ചുവന്നുള്ളി              ഗ്രഹണിയും അര്‍ശസും ശമിപ്പിക്കും.
അയ്യമ്പന               പൈല്‍സ്, അള്‍സര്‍,  ഗ്യാസ്ട്രബിള്‍
അശോകം              ഗര്‍ഭാശയരോഗങ്ങള്‍
അരൂത                   മഞ്ഞപ്പിത്തം
അമുക്കുരം               ലൈംഗിക ഉത്തേജകം
അടപതിയന്‍          നേത്രരോഗം,ഗര്‍ഭസംരക്ഷണം
അമൃത്                     അര്‍ശസ്, അസ്ഥിസ്രാവം
അമല്‍പൊരി           രക്തസമ്മര്‍ദ്ദം, വിഷം
അരളി                      ഹൃദയത്തിലെരക്തപരിസഞ്ചരണ ഗ്രന്ഥിക്ക്.
അത്തി                     ആര്‍ത്തവ രോഗങ്ങള്‍
ആടലോടകം           ശ്വാസകോശരോഗം
ആര്യവേപ്പ്               പനി, മലമ്പനി
ആവണക്ക്              ആസ്തമ, സന്ധിവേദന,  വാതം
ആവിന്‍ (ആവന്‍)   വാതം, കുഷ്ഠം
ഇഞ്ചി                       ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍
ഇഞ്ചിപ്പുല്ല്                സുഗന്ധദ്രവ്യങ്ങള്‍
ഉങ്ങ്(പുങ്ക്)                രക്തശുദ്ധിക്ക്
ഉമ്മം                         പേപ്പട്ടിവിഷം
എരുക്ക്                    സന്ധിവേദനയും നീരും കുറക്കാന്‍
എള്ള്                        വിഷമാര്‍ത്തവം
ഏകനായകം            പ്രമേഹം
ഏലം                        മൂത്രതടസ്സം
ഏഴിലമ്പാല              പനി, മലേറിയ
ഓരില                       അതിസാരം, ചുമ
കച്ചോലം                  ഉദരരോഗം, വിരനാശിനി
കരിങ്കുറിഞ്ഞി             വാതത്തിന്
കസ്തൂരിമഞ്ഞള്‍          ത്വക്ക് രോഗം, സൌന്ദര്യ വര്‍ദ്ധകം
കടലാടി                    അതിസാരം, ചുമ
കടുക്ക                       ദഹനക്കുറവ്
കണിക്കൊന്ന           മലബന്ധം കുറക്കാന്‍
കമുക്(കവുങ്ങ്)          വിരശല്യം,വായനാറ്റം, പല്ലിന്റെബലത്തിന്
കയ്യോന്നി                  മുടികൊഴിച്ചിലിന്
കരിങ്കൂവളം                പൊള്ളല്‍, അപസ്മാരം
കരിനെച്ചി                 പൊള്ളല്‍, അപസ്മാരം
കസ്തൂരി വെണ്ട           മൂത്ര തടസ്സം, വായ്പ്പുണ്ണ്, പ്രമേഹം
കറിവേപ്പ്                   ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍
കര്‍പ്പൂര മരം               വാത, കഫരോഗങ്ങള്‍ക്ക്
കടുകപ്പാല                 അതിസാര നിവാരണം
കാഞ്ഞിരം                  ആമവാതം,സന്ധിവാതം
കാട്ടുപടവലം             ചര്‍മ്മരോഗങ്ങള്‍ക്ക്
കാട്ടുഴുന്ന്                     ബുദ്ധിശക്തി,ഓര്‍മ്മശക്തിവര്‍ദ്ധിപ്പിക്കാന്‍
കാട്ടുതിപ്പലി                പനി
കുടകന്‍ (കുടങ്ങല്‍)   ത്വക്ക് രോഗം, ബുദ്ധിശക്തി
കുന്നി                          ജ്വരം ശമിപ്പിക്കുന്നു
കുമ്പിള്‍                       വാതം, പിത്ത-കഫ രോഗങ്ങള്‍
കുമ്പളം                      ഉദരകൃമി കുറയ്ക്കാന്‍
കുരുമുളക്                  പനി, ചുമ, കഫക്കെട്ട്
കുറുന്തോട്ടി                 നിദ്രയുണ്ടാകാന്‍
കൂവളം                       അതിസാര ശമനം
കൈതച്ചക്ക              ദഹനം ത്വരിതപ്പെടുത്താന്‍
ചപ്പങ്ങം                    രക്തശുദ്ധി, ദാഹശമനി
ചക്കരക്കൊല്ലി           പ്രമേഹം
ചങ്ങലംപരണ്ട          പൈല്‍സ്, എല്ല് പൊട്ടല്‍, കാ‍ന്‍സര്‍
ചന്ദനം                       രക്തശുദ്ധീകരണം
ചിറ്റരത്ത                    ശ്വാസകോശരോഗം, ദഹനമില്ലായ്മ
ചിറ്റാമൃത്                     പനി, പ്രമേഹം
ചെങ്ങനീര്‍ക്കിഴങ്ങ്     ച്യവനപ്രാശം, ചേരുവ
ചെമ്പരത്തി                ഹെയര്‍ ഓയില്‍
ചെറുനാരകം               ദഹനക്കുറവ്, വിശപ്പില്ലായ്മ
ചെറുപയര്‍                  നേത്രരോഗം, കരള്‍ വീക്കം, മഞ്ഞപ്പിത്തം
ചുവന്നുള്ളി                   ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍
ജാതിക്ക                      കഫവാതരോഗങ്ങള്‍ക്ക്
ഞാവല്‍                      പൊള്ളലകറ്റാന്‍
നായ്ക്കുരണ                    ലൈംഗികശക്തി വര്‍ദ്ധിപ്പിക്കാന്‍
നിലപ്പന                      രക്തശുദ്ധിക്ക്
നീലഅമരി(നിലച്ചെടി) വിഷശമനം, മഞ്ഞപ്പിത്തം
നീര്‍മാതളം                  വൃക്കയിലെകല്ലൊഴിവാക്കാന്‍
നീര്‍മരുത്                    ഹൃദ്രോഗം
താന്നി                          കഫം, പിത്തം, വാതരോഗം
താമര                           നിറം നന്നാക്കാന്‍
തേയില                        ഉത്തേജക ഔഷധം
പനിക്കൂര്‍ക്ക                 പനി, ജലദോഷം
പലകപ്പയ്യാനി              ദശമൂലത്തില്‍ ഉപയോഗിക്കുന്നു
പപ്പായ (ഓമ)              ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍
പരുത്തി                       മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍
ബ്രഹ്മി                          ബുദ്ധിവളര്‍ച്ച
മുരിങ്ങ                          ലൈംഗിക ഉത്തേജകം
വയമ്പ്                          വേദനസംഹാരി,ബുദ്ധിശക്തി വര്‍ധന
വള്ളിപ്പാല                    ആസ്തമ
ശംഖുപുഷ്പം                  വെണ്‍കുഷ്ഠം
ശതാവരി                      സ്ത്രീരോഗങ്ങള്‍ക്ക്

കോട്ടയില, നിലവരണ്ട, പുല്ലാനിക്കായ, ആട്ടിന്‍ കാഷ്ഠം,  കൃഷ്ണ തുളസിയില ഇവയെല്ലാം വെളിച്ചെണ്ണയില്‍ മൂപ്പിച്ച് ഉരച്ചു ചേരത്ത് തേച്ചു കുളിച്ചാല്‍ ചിരങ്ങുരോഗം മാറിക്കിട്ടും.  
കടപ്പാട്:ഇവിടെ ഞെക്കുക      
Read More...

തേങ്ങാപ്പീരയില്‍നിന്നും എണ്ണയും ലഡുവും


- എലിസബത്ത് ജോസഫ്
പാലാക്കാര്‍ക്ക് റബര്‍ഷീറ്റ് സംസ്കരണം മാത്രമല്ല നാളികേരസംസ്കരണവും ഇണങ്ങുമെന്ന് തെളിയിക്കുകയാണ് പ്ളാശനാല്‍ സ്വദേശിനികളായ അഞ്ചു യുവതികള്‍. ശബരീസ് ഫുഡ് പ്രോഡക്ട്സ് എന്ന പേരില്‍ ഇവര്‍ നിര്‍മിച്ചു വിപണനം നടത്തുന്ന വെര്‍ജിന്‍ കോക്കനട്ട് ഓയിലിനും കോക്കനട്ട് ലഡുവിനുമൊക്കെ ആവശ്യക്കാരേറെ.
കോട്ടയം ജില്ലയിലെ കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ദ്വിദിന ഭക്ഷ്യ സംസ്കരണ പരിശീലനമാണ് ശബരീസ് ഫുഡ് പ്രോഡക്സിന്റെ രൂപീകരണത്തിനിടയാക്കിയത്. ഇതിനോടനുബന്ധിച്ച് മറ്റു രണ്ടു പരിശീലനങ്ങളിലും ഇവര്‍ പങ്കെടുത്തു. പരിശീലനം കഴിഞ്ഞു മടങ്ങുമ്പോള്‍ ഇവരുടെ മനസ്സില്‍ മൊട്ടിട്ട ആഗ്രഹത്തിന്റെ സാഫല്യമാണ് ശബരീസ് .
അഞ്ച് കുടുംബശ്രീ അംഗങ്ങളുടെ സംയുക്തസംരംഭമാണിത്- ബിന്ദു, സുജിത, ശാന്തമ്മ, മിനി, ആശ . പരിശീലനക്ളാസില്‍ പഠിച്ച സംസ്കരണ പാഠങ്ങള്‍ വീടുകളില്‍ പരീക്ഷിച്ചുനേടിയ ആത്മ വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ അവര്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍ തൂടങ്ങി.
ശബരീസിന്റെ ഉത്പന്നങ്ങളില്‍ പ്രധാനം വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ ആണ്.ശുദ്ധമായ തേങ്ങാപാലില്‍ നിന്നും നിര്‍മ്മിക്കുന്നതാണ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍. ഇത് ഔഷധമായി നേരിട്ടും അല്ലാതെയും ഉപയോഗിക്കുന്നു. നവജാത ശിശുക്കള്‍ക്ക് ഉപയോഗിക്കാന്‍ അത്യുത്തമമാണ് ഈ വെളിച്ചെണ്ണ. ചര്‍മരോഗങ്ങള്‍ക്കും അലര്‍ജികള്‍ക്കും ഈ ഓയില്‍ ഉത്തമ ഔഷധമാണ്. ഗര്‍ഭിണികള്‍ ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടങ്ങളില്‍ ഇത് സേവിച്ചാല്‍ സുഖപ്രസവത്തിനു സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 250എംഎല്‍ ബോട്ടിലിന് 150 രൂപയാണ് വില.
ശബരീസിന്റെ മറ്റൊരു രുചിയേറിയ ഉത്പന്നമാണ് കോക്കനട്ട് ലഡു. വെര്‍ജിന്‍ ഓയിലിന്റെ ഉത്പാദനത്തിനുശേഷം പാഴായി പോകുന്ന കല്‍ക്കനില്‍ നിന്നാണ് ഈ രുചിയേറിയ വിഭവം തയ്യാറാക്കുന്നത്. കൊഴുപ്പ് തീരെ കലരാത്ത ലഡുവിന് മോടി കൂട്ടാന്‍ നിലക്കടലയും ഈന്തപ്പഴവും ചേര്‍ക്കുന്നു. 10 എണ്ണം ഉള്‍പ്പെടുന്ന പായ്ക്കറ്റിന് വില 25 രൂപ.
ഔഷധഗുണമുള്ള നറുനീണ്ടി സ്ക്വാഷാണ് ഈ ഗ്രൂപ്പിന്റെ മറ്റൊരു ഉത്പന്നം. ദാഹശമനിയായും അതോടൊപ്പം ഔഷധ ഗുണമുള്ള പാനീയമായും ഇത് സേവിക്കാം. വാത സംബന്ധമായ രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍ എന്നിവയ്ക്കും, കിഡ്നിയുടെ ശരിയായ പ്രവര്‍ത്തനത്തിനും ഈ പാനീയം ഗുണകരമാണ്. ഇത് ഉപയോഗിച്ചാല്‍ രക്തം കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുമത്രേ. 250 എംഎല്‍ കുപ്പിക്ക് 75 രൂപയാണ് വില.
ശബരീസ് ഫുഡ് പ്രോഡക്റ്റ്സിന്റെ മുന്‍നിര പ്രവര്‍ത്തകയായ ബിന്ദു പ്രഭകുമാറിന്റെ ഭവനത്തിലാണ് ഈ വിഭവങ്ങള്‍ തയാറാക്കുന്നത്. യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തികൊണ്ടു പോകൂന്നതിനുള്ള സ്ഥലപരിമിതിയാണ് ഇപ്പോള്‍ ശബരീസിനെ അലട്ടുന്നത്. സ്വന്തമായി ഒരു കെട്ടിടവും മറ്റു സൌകര്യങ്ങളും ഇവരുടെ സ്വപ്നമാണ്. കെട്ടിടനിര്‍മാണത്തിനു ഇപ്പോള്‍ ലഭ്യമായ തുക മതിയാകില്ല. സ്ത്രീശാക്തീകരണത്തിന്റെ മകുടോദാഹരണമായി മാറേണ്ട ഈ യൂണിറ്റിനു വേണ്ട സാമ്പത്തിക പിന്തുണ നല്കാന്‍ വനിതാക്ഷേമ പ്രവര്‍ത്തനങ്ങല്‍ക്കായി കോടികള്‍ ചെലവഴിക്കുന്ന സ്ഥാപനങ്ങളിലൊന്നെങ്കിലും സന്നദ്ധമാവുമെന്ന പ്രതീക്ഷയാണിവര്‍ക്കുള്ളത്.

കടപ്പാട് : കര്‍ഷകന്‍ മാഗസിന്‍
Read More...

തെങ്ങുകള്‍ക്ക് കേരകര്‍ഷകര്‍ എന്തു ചെയ്യണം?

മാര്‍ച്ച് : കേരകര്‍ഷകര്‍ എന്തു ചെയ്യണം?

കേരളം /ലക്ഷദ്വീപ്
തെങ്ങുകള്‍ക്ക് പ്രത്യേകിച്ച് എക്കല്‍മണ്ണിലും ചൊരിമണലിലും നില്‍ക്കുന്ന തെങ്ങുകള്‍ക്ക് ജലസേചനം തുടരണം. കായല്‍ വരമ്പുകളിലുള്ള തെങ്ങിന്റെ ചുവട്ടില്‍ മണലും മണല്‍ മണ്ണില്‍ നട്ടിട്ടുള്ള തെങ്ങിന്റെ ചുവട്ടില്‍ ചെളിയും ഇറക്കേണ്ടതാണ്. തിരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളില്‍ നിന്നും വിത്തുതേങ്ങ ശേഖരിച്ച് തണലില്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുക.

തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുവെങ്കില്‍ കീടാക്രമണം ഗുരുതരമായുള്ള ഓലകള്‍ വെട്ടി നീക്കി കത്തിച്ചു കളയുക. ഓലകളുടെ, പ്രത്യേകിച്ച് മധ്യനിരയിലുള്ള ഓലകളുടെ അടിഭാഗത്തുള്ള പുഴുക്കളോട് കൂടിയ അറകളില്‍ പതിക്കത്തക്കരീതിയില്‍ 0.05% വീര്യമുള്ള ക്വിനാല്‍ഫോസ് എന്ന കീടനാശിനി തളിച്ച് ഈ കീടത്തെ നിയന്ത്രിക്കാം. കൂടാതെ തെങ്ങോലപ്പുഴുവിന്റെ വിവിധ ദശകളെ ആക്രമിക്കുന്ന ഗോണിയോസസ് നിഫാന്റിഡീസ്, എലാസ്മസ്, നിഫാന്റിഡിസ്, ബ്രാക്കിമേറിയ നൊസട്ടോയ് തുടങ്ങിയ എതിര്‍പ്രാണികളെ വന്‍ തോതില്‍ തുറന്നുവിട്ട് തെങ്ങോലപ്പുഴുക്കളെ നശിപ്പിക്കാം. കീടനാശിനി തളിച്ച് 15-20 ദിവസത്തിനുശേഷം പരാദപ്രാണികളെ വിടാവുന്നതാണ്.

മണ്ഡരി ബാധിച്ചിട്ടുള്ള തോട്ടങ്ങളില്‍ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ - വെളുത്തുള്ളി - സോപ്പ് മിശ്രിതം തളിച്ച് മണ്ഡരി ബാധയെ നിയന്ത്രിക്കാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 മി.ലി.വേപ്പെണ്ണ, 20 ഗ്രാം വെളുത്തുള്ളി, 5 ഗ്രാം അലക്കുസോപ്പ് എന്നിവ കലര്‍ത്തി മിശ്രിതം തയ്യാറാക്കാം. ആദ്യമായി 5 ഗ്രാം സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അതില്‍ 20 മി.ലി. വേപ്പെണ്ണ ഒഴിച്ച് നന്നായി യോജിപ്പിക്കുക. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ബാക്കി അര ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തുക. ഇത് ഒരു തുണിയിലൂടെ അരിച്ചെടുത്ത് ആദ്യം തയ്യാറാക്കിയ സോപ്പ്-വേപ്പെണ്ണ മിശ്രിതവുമായി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം അതാതു ദിവസം തന്നെ ഉണ്ടാക്കി ഉപയോഗിക്കേണ്ടതാണ്. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതത്തിനു പകരം അസാഡിറാക്ടിന്‍ (0.04ശതമാനം) അടങ്ങിയ ജൈവ കീടനാശിനി 4 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി കുലകളില്‍ തളിക്കാനായി ഉപയോഗിക്കാം. വേനല്‍ മഴ തുടങ്ങുന്ന ഏപ്രില്‍-മെയ് മാസങ്ങളില്‍, മഴക്കാലം കഴിഞ്ഞ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍, പിന്നീട് ജനവരി-ഫിബ്രവരി മാസങ്ങളില്‍ എന്നിങ്ങനെ മൂന്നു തവണകളിലായി തളിക്കേണ്ടതാണ്. മണ്ഡരികള്‍ മോടത്തിനുള്ളില്‍ വസിക്കുന്നതിനാല്‍ കീടനാശിനി പ്രധാനമായും മോടത്തിന് പുറമെയും മോടത്തിന്റെ ഇതളുകള്‍ക്ക് ചുറ്റും പ്രത്യേകിച്ച് മച്ചിങ്ങകളുടെയും 4-5 മാസം പ്രായമുള്ള ഇളം തേങ്ങകളുടെയും പുറത്തു തളിക്കാന്‍ ശ്രദ്ധിക്കണം. അഞ്ച് ശതമാനം അസാഡിറാക്ടിന്‍ അടങ്ങിയിട്ടുള്ള ഏഴര മി.ലി. ജൈവ കീടനാശിനി ഏഴര മി.ലി. വെള്ളത്തില്‍ ലയിപ്പിച്ച് വേരില്‍കൂടി നല്‍കുന്നതും ഫലപ്രദമാണ്.

ചെമ്പന്‍ചെല്ലിയെ നശിപ്പിക്കുന്നതിന് ഒരു ശതമാനം വീര്യമുള്ള കാര്‍ബാറില്‍ (20 ഗ്രാം കാര്‍ബാറില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ) തെങ്ങിന്‍ തടിയില്‍ കീടം ഉണ്ടാക്കിയ ദ്വാരങ്ങള്‍ അടച്ചതിനുശേഷം അല്പം മുകളിലായി താഴേക്ക് ചരിഞ്ഞ ഒരു ദ്വാരം ഉണ്ടാക്കി അതില്‍ ചോര്‍പ്പ് വെച്ച് ഒഴിച്ചു കൊടുത്ത ശേഷം ആ ദ്വാരം അടയ്ക്കുക. ചെമ്പന്‍ചെല്ലിക്കെതിരെ ഒരു പ്രദേശത്തൊട്ടാകെയുള്ള കര്‍ഷകര്‍ക്ക് ഒരുമിച്ച് ഫിറമോണ്‍ കെണി ഉപയോഗിക്കാവുന്നതാണ്.

പൂങ്കുലച്ചാഴിയുടെ ആക്രമണമുണ്ടെങ്കില്‍ ഇളംകുലയില്‍ (ഒന്നു മുതല്‍ അഞ്ചുമാസം വരെ പ്രായമുള്ളത്) കാര്‍ബാറില്‍ എന്ന കീടനാശിനി 0.1% വീര്യത്തില്‍(20 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി) തളിച്ച് ഈ കീടത്തെ നിയന്ത്രിക്കാം. വിരിഞ്ഞ് പരാഗണം നടക്കാത്ത പൂക്കുലകളില്‍ (ഒരു മാസം വരെ പ്രായമായത്) മരുന്നു തളിക്കരുത്.കുമിള്‍രോഗങ്ങള്‍ക്കെതിരെ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കാം.

നീരുറ്റിക്കുടിക്കുന്ന മീലിമുട്ടകള്‍, ശല്‍ക്കകീടങ്ങള്‍ എന്നിവ വേനല്‍ക്കാലങ്ങളില്‍ നാമ്പോലകളെയും കൊതുമ്പുകളെയും തേങ്ങാക്കുലകളെയും ആക്രമിക്കുന്നു. ശല്‍ക്കകീടങ്ങള്‍ ഓലകളിലും കാണാറുണ്ട്. ഇവയുടെ ആക്രമണഫലമായി ഓലകള്‍ മഞ്ഞനിറമായി ഉണങ്ങുന്നു. മീലിമുട്ടകളെ നിയന്ത്രിക്കുവാന്‍ 2 ശതമാനം വേപ്പെണ്ണ 20 ദിവസത്തെ ഇടവേളകളില്‍ രണ്ടു തവണ തളിച്ചാല്‍ മതിയാകും. ശല്‍ക്കകീടങ്ങള്‍ക്കെതിരെ ഡൈമെത്തൊയേറ്റ് ഫലപ്രദമായി ഉപയോഗിക്കാം.

കൊമ്പന്‍ചെല്ലിയെ ചെല്ലിക്കോല്‍കൊണ്ട് കുത്തിയെടുത്ത് നശിപ്പിക്കുക. കൊമ്പന്‍ചെല്ലിയുടെ ആക്രമണത്തിന് മുന്‍കരുതലെന്ന നിലയില്‍ തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൂമ്പോലയ്ക്ക് ചുറ്റുമുള്ള രണ്ടോ മൂന്നോ ഓലക്കവിളുകളില്‍ പാറ്റഗുളിക 10 ഗ്രാം(4എണ്ണം) വെച്ച് മണല്‍ കൊണ്ടുമൂടുകയോ, വേപ്പിന്‍ പിണ്ണാക്ക് അല്ലെങ്കില്‍ മരോട്ടിപ്പിണ്ണാക്ക് (250ഗ്രാം) തുല്യ അളവില്‍ മണലുമായി ചേര്‍ത്ത് ഇടുകയോ ചെയ്യുക. 0.01 ശതമാനം വീര്യമുള്ള കാര്‍ബാറില്‍ (50 ശതമാനം വെള്ളത്തില്‍ കലക്കാവുന്ന പൊടി) എന്ന കീടനാശിനി 200 മി.ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി വണ്ടുകളുടെ പ്രജനനം നടക്കുന്ന ചാണക്കുഴികളിലും മറ്റും തളിയ്ക്കുക. പെരുവലം എന്ന ചെടി പറിച്ച് ചാണകക്കുഴിയില്‍ ചേര്‍ക്കുന്നതും നല്ലതാണ്. ബാക്കുലോവൈറസ് ഒറിക്ടസ് എന്ന വൈറസ് കൊമ്പന്‍ചെല്ലിയുടെ ജൈവിക നിയന്ത്രണത്തിന് ഉപയോഗിക്കാം. ഇതിനായി വൈറസ് രോഗബാധയേറ്റ ചെല്ലികളെ ഒരു ഹെക്ടറില്‍ 10-15 എണ്ണം എന്ന കണക്കില്‍ സന്ധ്യാസമയത്ത് തോട്ടത്തില്‍ തുറന്നുവിടുക. മഴക്കാലത്ത് മെറ്റാറൈസിയം അനിസോപ്പിയ എന്ന കുമിള്‍ തേങ്ങാവെള്ളത്തിലോ കപ്പകഷണങ്ങളും തവിടും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തിലോ വന്‍തോതില്‍ വളര്‍ത്തിയെടുത്ത് ഒരു ക്യൂബിക് മീറ്ററിന് 250 മി.ഗ്രാം മെറ്റാറൈസിയം കള്‍ച്ചറല്‍ 750 മി.ലി. വെള്ളവുമായി കലര്‍ത്തിയ മിശ്രിതം എന്ന തോതില്‍ ചാണകക്കുഴികളിലും മറ്റും ഒഴിച്ച് പുഴുക്കളെ നശിപ്പിക്കുക.

തെങ്ങിന് ചെന്നീരൊലിപ്പു രോഗം ബാധിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുക. ചെന്നീരൊലിപ്പുള്ള തെങ്ങിന്റെ തടിയിലുണ്ടാകുന്ന വിള്ളലുകളിലൂടെ ചുവപ്പുകലര്‍ന്ന തവിട്ടു നിറത്തിലുള്ള കറ ഒളിച്ചിറങ്ങുന്നതു കാണാം. ഇത് ഉണക്കി കറുപ്പു നിറത്തിലുള്ള പാടുകളാകുന്നു. ചെന്നീരൊലിക്കുന്ന ഭാഗത്തെ പുറംതൊലി മൂര്‍ച്ചയുള്ള ഉളി കൊണ്ട് ചെത്തി മാറ്റിയ ശേഷം മുറിപ്പാടുകളില്‍ 5 മി.ലി. കാലിക്‌സിന്‍ 100 മി.ലി. വെള്ളത്തില്‍ എന്ന തോതില്‍ കലക്കി പുരട്ടുക. ഒന്നു രണ്ടു ദിവസത്തിനുശേഷം ചൂടുള്ള കോള്‍ടാര്‍ പുരട്ടുക. ചെത്തി മാറ്റിയ ഭാഗങ്ങള്‍ തീയിട്ട് നശിപ്പിക്കുക. മറ്റു വളങ്ങള്‍ക്കൊപ്പം തെങ്ങൊന്നിന് 5 കി.ഗ്രാം വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്തു കൊടുക്കുക. വേനല്‍ക്കാലത്ത് ജലസേചനം നല്‍കുകയും വര്‍ഷക്കാലത്ത് തോട്ടത്തില്‍ നീര്‍വാര്‍ച്ച സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുക. രോഗനിയന്ത്രണത്തിനായി 5 ശതമാനം വീര്യമുള്ള കാലിക്‌സിന്‍ വര്‍ഷത്തില്‍ മൂന്നു തവണ, അതായത് ഏപ്രില്‍-മെയ് , സെപ്തംബര്‍-ഒക്ടോബര്‍, ജനവരി-ഫിബ്രവരി മാസങ്ങളിലായി വേരില്‍കൂടി നല്‍കുക.

തെങ്ങിന്‍ തോപ്പില്‍ സൂര്യപ്രകാശത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് ഇടവിളകള്‍ കൃഷി ചെയ്യാവുന്നതാണ്. തെങ്ങിന്‍തൈ നടുന്നതുമുതല്‍ 8 വര്‍ഷം വരെ 30 മുതല്‍ 80 ശതമാനം വരെ സൂര്യപ്രകാശം ഇടവിളകള്‍ക്ക് ലഭിക്കും. ഇക്കാലത്ത് മരച്ചീനി, മധുരക്കിഴങ്ങ്, വാഴ, പച്ചക്കറി എന്നിവ കൃഷി ചെയ്യാം. 9 മുതല്‍ 25 വര്‍ഷം വരെയുള്ള രണ്ടാം ഘട്ടത്തില്‍ സൂര്യപ്രകാശലഭ്യത 20 ശതമാനമായിരിക്കും. അപ്പോള്‍ ചേന, ചേമ്പ്, വാഴ തുടങ്ങി തണലിനു യോജിച്ചവ ഇടവിളയായി വളര്‍ത്താം. തെങ്ങിന് 25 വര്‍ഷം പ്രായമാകുന്നതോടെ സൂര്യപ്രകാശലഭ്യത ക്രമേണ കൂടുന്നു. ഇക്കാലത്ത് തുറന്ന സൂര്യപ്രകാശം വേണ്ടാത്ത എല്ലാ വാര്‍ഷിക വിളകളും ദീര്‍ഘകാലവിളകളും ഇടവിളയായി വളര്‍ത്താം. കാര്‍ഷിക വിളകള്‍ കൂടാതെ തേനീച്ച,പശു, ആട്, കോഴി, മീന്‍, മുയല്‍ എന്നിവ തെങ്ങിന്‍തോട്ടത്തില്‍ വളര്‍ത്തിയും പട്ടുനൂല്‍കൃഷി, മണ്ണിരക്കമ്പോസ്റ്റ്, കൂണ്‍കൃഷി എന്നിവ വഴിയും ആദായം ഉണ്ടാക്കാം.

ആന്‍ഡമാന്‍ / നിക്കോബാര്‍ ദ്വീപുകള്‍


തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുവെങ്കില്‍ കീടാക്രമണം ഗുരുതരമായുള്ള ഓലകള്‍ വെട്ടി നീക്കി കത്തിച്ചു കളയുക. ഓലകളുടെ, പ്രത്യേകിച്ച് മധ്യനിരയിലുള്ള ഓലകളുടെ അടിഭാഗത്തുള്ള പുഴുക്കളോട് കൂടിയ അറകളില്‍ പതിക്കത്തക്കരീതിയില്‍ 0.05% വീര്യമുള്ള ക്വിനാല്‍ഫോസ് എന്ന കീടനാശിനി തളിച്ച് ഈ കീടത്തെ നിയന്ത്രിക്കാം. കൂടാതെ തെങ്ങോലപ്പുഴുവിനെതിരെ ജൈവിക നിയന്ത്രണം വളരെ ഫലപ്രദമാണ്. തെങ്ങോലപ്പുഴുവിന്റെ വിവിധ ദശകളെ ആക്രമിക്കുന്ന ഗോണിയോസസ് നിഫാന്റിഡിസ്, ബ്രാക്കിമേറിയ നൊസട്ടോയ് തുടങ്ങിയ എതിര്‍പ്രാണികളെ വന്‍തോതില്‍ തുറന്നുവിട്ട് തെങ്ങോലപ്പുഴുക്കളെ നശിപ്പിക്കാം. കീടനാശിനി തളിച്ച് 15-20 ദിവസത്തിനുശേഷം പരാദ പ്രാണികളെ വിടാവുന്നതാണ്.

തമിഴ്‌നാട് / പോണ്ടിച്ചേരി


നന തുടരുക. വളക്കുഴികളിലും ചെല്ലി മുട്ടയിടുന്ന സ്ഥലങ്ങലിലും 0.1 ശതമാനം കാര്‍ബാറില്‍ തളിച്ച് ചെല്ലിയുടെ പുഴുക്കളെ നശിപ്പിക്കുക. തിരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളില്‍ നിന്നും വിത്തുതോങ്ങ ശേഖരിച്ച് തണലില്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുക.

മണ്ഡരി ബാധിച്ചിട്ടുള്ള തോട്ടങ്ങളില്‍ അസാഡിറാക്ടിന്‍ (0.004ശതമാനം) അടങ്ങിയ ജൈവ കീടനാശിനി 4 മി.ലി.ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി കുലകളില്‍ തളിക്കുക.

കര്‍ണ്ണാടകം


തോട്ടത്തില്‍ ആടുകളെ കെട്ടിയിട്ട് അവയുടെ കാഷ്ഠം മണ്ണുമായി യോജിപ്പിച്ച് ഉഴുതുചേര്‍ക്കുക. തോട്ടത്തില്‍ നന തുടരുക. തിരഞ്ഞെടുത്ത മാതൃവൃക്ഷങ്ങളില്‍ നിന്നും വിത്തുതേങ്ങ ശേഖരിക്കുക. പ്രതിവര്‍ഷം തെങ്ങൊന്നിന് 50 കി.ഗ്രാം. ജൈവവളവും 5 കി.ഗ്രാം വേപ്പിന്‍ പിണ്ണാക്കും രണ്ടു തുല്യ തവണകളായി രാസവളത്തിനൊപ്പം ചേര്‍ത്തു കൊടുത്ത് മണ്ണിന്റെ ഫലപുഷ്ടി മെച്ചപ്പെടുത്തുക.

മണ്ഡരി ബാധിച്ചിട്ടുള്ള തോട്ടങ്ങളില്‍ അസാഡിറാക്ടിന്‍ (0.0004ശതമാനം) അടങ്ങിയ ജൈവ കീടനാശിനി 4 മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ ന്നെ തോതില്‍ കലക്കി കുലകളില്‍ തളിക്കുക.

തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുന്നുവെങ്കില്‍ കീടാക്രമണം ഗുരുതരമായുള്ള ഓലകള്‍ വെട്ടി നീക്കി കത്തിച്ചു കളയുക. ഓലകളുടെ, പ്രത്യേകിച്ച് മധ്യനിരയിലുള്ള ഓലകളുടെ അടിഭാഗത്തുള്ള പുഴുക്കളോട് കൂടിയ അറകളില്‍ പതിക്കത്തക്ക രീതിയില്‍ 0.05% വീര്യമുള്ളക്വിനാല്‍ഫോസ് ന്നെ കീടനാശിനി തളിച്ച് ഈ കീടത്തെ നിയന്ത്രിക്കാം. കൂടാതെ തെങ്ങോലപ്പുഴുവിനെതിരെ ജൈവിക നിയന്ത്രണം വളരെ ഫലപ്രദമാണ്. തെങ്ങോലപ്പുഴുവിന്റെ വിവിധ ദശകളെ ആക്രമിക്കുന്ന ഗോണിയോസസ് നിഫാന്റിഡിസ്, എലാസ്മസ് നിഫാന്റിഡിസ്, ബ്രാക്കിമേറിയ നൊസട്ടോയ് തുടങ്ങിയ എതിര്‍പ്രാണികളെ വന്‍തോതില്‍ തുറന്നുവിട്ട് തെങ്ങോലപ്പുഴുക്കളെ നശിപ്പിക്കാം. കീടനാശിനി തളിച്ച് 15-20 ദീവസത്തിനുശേഷം പരാദ പ്രാണികളെ വിടാവുന്നതാണ്.

അവലംബം: നാളികേര ജേര്‍ണല്‍

Read More...

Share