കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങള്‍

രമേശന്‍. എം.
കൃഷി അസിസ്റ്റന്റ്, അഴീക്കോട് കൃഷിഭവന്‍

മറ്റു ജീവികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നതെന്താണ് ?
ഒരു നിമിഷം പോലും ആലോചിക്കുവാന്‍  സമയം എടുക്കാതെ നമുക്ക് ഉത്തരം പറയാന്‍ കഴിയും ; വിവേചനശക്തി, സംസ്കാരം, പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള കഴിവ് ..... ഒരു ഉപന്യാസത്തിനുള്ള വകയുണ്ട്, ഒരു കൊച്ചുകുട്ടിക്കുപോലും...... മറ്റു മൃഗങ്ങളെപോലെ കാട്ടില്‍ അലഞ്ഞുതിരിഞ്ഞു ജീവിച്ച മനുഷ്യനെ ഒരു സമൂഹജീവിയാക്കിയത്,  ഇന്നത്തെ സംസ്കാരത്തിന് അര്‍ഹനാക്കിയത്, തീര്‍ച്ചയായും, കൃഷി തന്നെയാണ്. കൃഷി നമ്മുടെ പ്രാണവായുവാണ്. നമ്മുടെ അസ്തിത്വം കൃഷിയിലാണ്. എന്നാല്‍ കേരളത്തിലെ കാര്‍ഷിക മേഖലയുടെ അവസ്ഥ എന്താണ്? ശരിയാണ്,  ചരിത്രം പറയുന്നു കേരളത്തിലെ സുഗന്ധ വിളകള്‍ കണ്ടുകൊണ്ടാണ് ഇവിടെ വിദേശികള്‍ വന്നത്..... അല്ലാതെ ധാന്യവിള കണ്ടു കൊണ്ടല്ല. എന്നാല്‍ സുഗന്ധ വിളയുടെ ആവശ്യം വിദേശികള്‍ക്കുണ്ടെങ്കില്‍ കേരളീയരുടെ ആവശ്യം, അതെ 'അത്യാവശ്യം', നെല്ലു തന്നെയാണ്. അത് ആ കാലങ്ങളില്‍ നമ്മുടെ ആവശ്യത്തിന് ഇവിടെ ഉല്പാദിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നോ?

എന്തിനും ഏതിനും ഇംഗ്ലീഷ് ഭരണത്തിന്റെ പ്രേതത്തില്‍ പഴിചാരി രക്ഷപ്പെടാന്‍ നാം ശ്രമിക്കുന്നു എന്നൊരു ആരോപണം നില നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഇന്നത്തെ പ്രതിസന്ധിയ്ക്കു കാരണവും ആ പ്രേതത്തില്‍ ചുമത്തുന്നത് ചിരിയ്ക്ക് വകയൊരുക്കുമെന്നറിയാഞ്ഞിട്ടല്ല ; എന്നിരുന്നാലും സൂക്ഷ്മമായ പരിശോധനയുടെ ആവശ്യം ഉള്‍ക്കൊള്ളിക്കാനാകുമോ എന്ന ഒരു ശ്രമം.  വിഫലമാകുമോ എന്ന ഭയം ഇല്ലാതില്ല. ഒരു പെസിമിസ്റ്റിന്റെ ജല്‍പനങ്ങളായി ഇതിനെ കാണരുത്. മാറ്റം ......... അത് പ്രപഞ്ചം ആഗ്രഹിക്കുന്നുണ്ടെങ്കിലും നമ്മള്‍ അത് ആഗ്രഹിക്കാത്തിടത്തോളം കാലം എന്തുചെയ്യും ?

മുന്‍കാലങ്ങളില്‍, ജന്മിമാരുടെ വയലുകളില്‍ അടിമപണിയെടുത്തവരല്ല ഇന്നുള്ളത്.  രീതി തന്നെ മാറി; അത് അന്നത്തെ സംസ്കാരം! ഒരു നിമിഷം വെറുതെ ഇരിക്കുന്നത് പാപമെന്ന് കരുതുന്ന അടിയാളന്മാരും  അതില്‍ കോപം കൊള്ളുന്ന ജന്മികളും.  അദ്ധ്വാനിക്കുന്നവന്റെ തലമുറയ്ക്കു അതിനു മാത്രമേ അവകാശമുള്ളൂ എന്ന അലിഖിത തത്വങ്ങള്‍ നില നിന്നിരുന്ന കാലം. മാറ്റം ആവശ്യമായിരുന്നു. മാറ്റത്തിനുവേണ്ടി നല്‍കിയ മുറവിളികള്‍ നമ്മുടെ സമൂഹത്തില്‍  ചില മിഥ്യാ ധാരണകള്‍  ഉണ്ടാക്കി - അദ്ധ്വാനിക്കുന്നത്, കൃഷിപണി ചെയ്യുന്നത് മാന്യത കുറവും,  മേല്‍നോട്ടക്കാരായി ജന്മിമാരെപോലെ നടക്കുന്നത് നിലയും വിലയുമുണ്ടാക്കുന്നുവെന്നും. കൃഷിയുടെ മാന്യത ആരും ആരെയും പഠിപ്പിച്ചില്ല.

ഇംഗ്ലീഷുകാരന്റെ ഗുമസ്തരെ സൃഷ്ടിക്കുവാന്‍  മാത്രം ഉതകുന്ന വിദ്യാഭ്യാസ രീതി, നമ്മുടെ പരിസ്ഥിതിയ്ക്ക് ഇണങ്ങാത്ത തലമുറകളെ സൃഷ്ടിക്കുവാന്‍ തുടങ്ങി. സേവന മേഖലകളില്‍, ചെളി പുരളാത്ത സീറ്റുകള്‍ മണ്ണിനെ നമ്മളില്‍ നിന്നും അകറ്റുവാന്‍ തുടങ്ങി. അല്ല, നമ്മള്‍ മാന്യനെന്നും, സമൂഹത്തില്‍ നിലയും വിലയുമുള്ളവരെന്നും, ചെളിപുരളുന്നവര്‍‍, താഴേക്കിടയിലുള്ളവര്‍, മാന്യതയില്ലാത്തവര്‍, അറിവില്ലാത്തവര്‍  തുടങ്ങിയ അര്‍ത്ഥശൂന്യങ്ങളായ ധാരണകള്‍  നമ്മളില്‍ വേരുറച്ചു. "ഞാനോ ഇങ്ങനെ അധ:പതിച്ചു,  എന്റെ കുട്ടിയെങ്കിലും നന്നാവട്ടെ എന്നുകരുതി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ത്തു." _  നല്ല കാര്യം. ഓരോ വ്യക്തിയെയും അവരുടെ അഭിരുചിക്കനുസരിച്ച് വളര്‍ത്തണം. എന്നാല്‍ അതിനോടൊപ്പം സമൂഹത്തിന്റെ ആവശ്യവും തൊഴിലിന്റെ മാന്യതയെക്കുറിച്ചുള്ള ബോധവും അവര്‍ക്കുണ്ടാകണം.

നമ്മുടെ സമൂഹത്തിന് നാം ഓരോരാളും ഇന്ന് ബാധ്യതയായി മാറുകയാണ്. മധ്യ വര്‍ഗ്ഗത്തിന്റെ നില മെച്ചപ്പെടുത്തുന്നതില്‍ ചില അന്താരാഷ്ട്ര നേതാക്കള്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചത് നാം അറിഞ്ഞതാണ്. ഇതില്‍ യാഥാര്‍ത്ഥ്യം ഇല്ലേ. ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച നേതാക്കള്‍ കൂടി കൂട്ടത്തില്‍ വരുമെന്ന സത്യം അംഗീകരിച്ചുകൊണ്ട് പരിശോധിച്ചാല്‍,  ഉല്‍പാദനമേഖലയില്‍ കാര്യമായ സംഭാവന ചെയ്യാതെ ഉന്നത, മധ്യവര്‍‌ഗ്ഗങ്ങള്‍, ജാതിമത ഭാഷാരാഷ്ട്ര ഭേദമില്ലാതതെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുകയാണ്. ദൗര്‍ലഭ്യം അനുഭവപ്പെടുമ്പോള്‍ അതിനെ മറികടക്കുവാന്‍  അവര്‍ക്ക് സാധിക്കുന്നു. ഇതിന്റെ ഗുണം ലഭിക്കുന്നതോ മധ്യവര്‍ഗ്ഗത്തിലെ മറ്റൊരു വിഭാഗത്തിനും. ഉല്‍പാദന മേഖലയിലുള്ളവര്‍ക്ക് ഇതിന്റെ ഫലം ഉണ്ടാകാത്തതിനാല്‍ അര്‍ ആ മേഖലയില്‍ നിന്നും മധ്യവര്‍ഗ്ഗ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അതിനാല്‍ ഉല്‍പാദന മേഖലയില്‍ മാന്ദ്യം അനുഭവപ്പെടുന്നു. ഇന്നത്തെ കാര്‍ഷിക മേഖല അഭിമുഖീകരിക്കുന്ന ഒരു മുഖ്യ പ്രശ്നമാണിത്. മധ്യവര്‍ഗ്ഗമെന്നല്ല ഉല്‍പാദന മേഖലയെ  പുഷ്ടിപ്പെടുത്താത്ത ഏതൊരു വര്‍ഗ്ഗവും പ്രശ്നമാണ്.

എന്താണിതിനൊരു പരിഹാരം ? എല്ലാവര്‍ക്കും അറിയുന്നതാണ് പരിഹാരം എളുപ്പമല്ല! നമ്മുടെ മനോഭാവം, ഏതൊരു സമൂഹത്തിന്റെയും നിലനില്പിനെ ബാധിക്കുന്ന ഈ മുഖ്യ ഘടകം, അത് നമ്മള്‍ മാറ്റിയേ തീരൂ ?  എനിക്കറിയാം പാലക്കാട്ടുള്ള ചില കര്‍ഷകര്‍, അവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്, എന്നാല്‍ നെല്‍കൃഷി തുടങ്ങുന്ന സമയം അവര്‍ അവധിയെടുത്ത് കാര്‍ഷികമേഖലയില്‍ വ്യാപൃതരാവുന്നു. അത്തരം മനോഭാവം, കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്തുവാനുള്ള മനോഭാവം, അത് അവര്‍ക്ക് പാരമ്പര്യമായി ലഭിച്ചതാണ്.  കൃഷി അവര്‍‌ക്ക് ഒരു ഹരമാണ്. എന്നാല്‍ അടുത്ത തലമുറയ്ക്ക് ആ മനോഭാവമില്ലെങ്കിലോ ? അവരും നമ്മളെ പോലെ സമൂഹത്തിന് ബാധ്യതയായി മാറും. അതെ ഉലാപാദന മേഖലയില്‍ സംഭാവന, ചെറുതായെങ്കിലും നല്‍കാത്ത എല്ലാവരും ഈ സമൂഹത്തിന് ഒരു ബാധ്യത തന്നെയായിരിക്കും, ഞാനടക്കം. അതിനാല്‍ എന്നാല്‍ കഴിയും വിധം, ഒരു നേരത്തെ ഉപ്പേരിക്കുള്ള വകയെങ്കിലും, ലഭ്യമായ സ്ഥലത്ത് ഉല്പാദിപ്പിക്കുവാന്‍ ശ്രമിക്കുന്നുവെന്ന് അഭിമാനത്തോടെ പറയട്ടെ ! ഒരു തുണ്ട് ഭൂമിയില്‍, താല്പര്യമുണ്ടെങ്കില്‍, നമ്മുടെ ആവശ്യത്തിനുള്ള പലതും,  ഒരു നേരമ്പോക്കായി ഉല്പാദിപ്പിക്കാം. അതിനുള്ള താല്പര്യവും മനോഭാവവും നമുക്ക് വേണമെന്ന് മാത്രം.

ഈ മനോഭാവം പൊടുന്നനെ ഉണ്ടാകുന്നതല്ല. അത് ബോധനോദ്ദേശ്യമാക്കി വിദ്യാര്‍ത്ഥികളിലൂടെ പ്രാവര്‍ത്തികമാക്കണം. അതിനായി നമ്മുടെ പാഠ്യപദ്ധതികള്‍ പാടേ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യം അതിക്രമിച്ചിരിക്കുന്നു. അതിന് ഒന്നാംഘട്ടമായി ചെയ്യേണ്ടത് അതിനു ശക്തരായ ഒരു അധ്യാപക സ്രോതസ്സ് ഉണ്ടാക്കുകയാണ്. ലക്ഷ്യബോധമുള്ള അധ്യാപകര്‍ക്കേ ലക്ഷ്യബോധമുള്ള സമൂഹം സൃഷ്ടിക്കുവാന്‍ സാധിക്കൂ. അതായത് അധ്യാപകരുടെ കടമ, മഹത്തായ കടമ ചെറുതല്ല എന്നര്‍ത്ഥം. താനുള്‍പ്പെടുന്ന ഈ സമൂഹത്തിന് നേര്‍വഴി കാട്ടിക്കൊടുക്കുവാന്‍ , എല്ലാ സ്രോതസ്സുകളെയും യോജിപ്പിച്ച് അവര്‍ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ, മാര്‍ത്തൂസിന്റെ മുന്നറിയിപ്പിനെ നമുക്ക് വീണ്ടും ശക്തമായി നേരിടുവാന്‍ കഴിയൂ .......
    
അതെ ഒരു വിപ്ലവത്തിന്, ഒരു നവസമൂഹത്തിന് വേണ്ടി നമുക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ നേരമായി. നമ്മുടെ ജന്മത്തിന് അര്‍ത്ഥമുണ്ടാക്കുവാന്‍ ഉണരൂ ....... പ്രവര്‍ത്തിക്കൂ........

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share

  • കണ്ണാന്തളി
  • അമിതരക്തസമ്മര്‍ദം കുറയ്ക്കാനും വെളുത്തുള്ളി
  • മുള്ളങ്കി
  • ജബോറാന്‍ഡി
  • പുത്തന്‍തലമുറ വളങ്ങള്‍