മണ്ണിര കമ്പോസ്റ്റിംഗ് - II






അവശിഷ്ടങ്ങള്‍ എന്നാല്‍ സ്ഥാനം തെറ്റിയ വിഭവങ്ങള്‍ എന്നര്‍ത്ഥം. കാര്‍ഷിക വൃത്തി ഡയറി ഫാമുകള്‍, കന്നുകാലിത്തൊഴുത്തുകള്‍ എന്നിവയില്‍ നിന്നെല്ലാം ധാരാളം പാഴ്‌ജൈവവസ്തുക്കള്‍ ലഭിക്കും, സാധാരണ ഇവ ഏതെങ്കിലും മൂലകളില്‍ നിക്ഷേപിക്കപ്പെടുകയും, അവ അവിടെ ജീര്‍ണ്ണിച്ച് ദുര്‍ഗന്ധം പരത്തുകയും ചെയ്യും. ഈ വിലപിടിച്ച വിഭവത്തെ ശരിയായ രീതിയില്‍ കമ്പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഒന്നാന്തരം ജൈവവളമായി. ഇതിന്‍റെ പ്രധാന ലക്‌ഷ്യം ഖരജൈവ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക മാത്രമല്ല, ഉന്നത മേന്‍മയുള്ള വളം, പോഷക / ജൈവ വളത്തിന് ദാഹിക്കുന്ന മണ്ണിന് നല്‍കാന്‍ കഴിയുകയാണ്.

തദ്ദേശയിനങ്ങളായ മണ്ണിരകളുപയോഗിച്ചുള്ള മണ്ണിരവളം
ലോകത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള 2500 ഇനം മണ്ണിരകളില്‍ 300 ലധികം മണ്ണിരയിനങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിരയിനങ്ങളുടെ വ്യത്യസ്തത, വ്യത്യസ്ത മണ്ണിനെ ആശ്രയിച്ചിരിക്കും. അതിനാല്‍ പ്രാദേശികമായി ലഭിക്കുന്ന മണ്ണിരകള്‍ അതത് സ്ഥലത്തിന്, മണ്ണിര വളത്തിനായി തെരഞ്ഞെടുക്കലാണ് ആദ്യപടി. മറ്റെങ്ങുനിന്നും മണ്ണിരകള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. ഇന്ത്യയിലുപയോഗിക്കുന്ന മണ്ണിരകളാണ് പെരിയോനിക്‌സ് എക്‌സ്‌കവറ്റസ്, ലപിറ്റോ മൗറിറ്റി. ഈ മണ്ണിരകളെ വളര്‍ത്തി, ലളിതമായ രീതിയിലൂടെ കമ്പോസ്റ്റിംഗിന് ഉപയോഗിക്കാം. കുഴികള്‍, കൂടകള്‍, ടാങ്കുകള്‍, കോണ്‍ക്രീറ്റ് വളയങ്ങള്‍, ഏതെങ്കിലും പെട്ടികളിലും വളര്‍ത്താവുന്നത്

മണ്ണിര ശേഖരിക്കുന്നതെങ്ങനെ?
ഇരകളുള്ള മണ്ണ് കണ്ടെത്തുക, മണ്ണിന് മുകളില്‍ അവയുടെ വിസര്‍ജ്യങ്ങള്‍ നോക്കി സാന്നിദ്ധ്യം കണ്ടെത്താം. അരകിലോ ശര്‍ക്കര, അരകിലോ പുതിയ ചാണകം എന്നിവ 2 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 1 മി x 1 മിശ്രിതം പ്രദേശത്ത് മേല്‍മണ്ണില്‍ തളിക്കുക.
ഇവയെ വയ്‌ക്കോല്‍ കൂനയാല്‍ മൂടുക, അതിന് മുകളില്‍ പഴയ ചാക്ക് വിരിക്കുക.
20-30 ദിവസം വരെ വെള്ളം തളിക്കല്‍ തുടരുക, എപ്പിഗെയിക്, അനെസിക് വിരകള്‍ അവിടെ കണ്ടുതുടങ്ങും. ഇവ ശേഖരിച്ച് ഉപയോഗിക്കാം.

കമ്പോസ്റ്റ് കുഴി തയാറാക്കല്
മതിയായ അളവിലുള്ള കുഴി സ്ഥലസൗകര്യമനുസരിച്ച് പിന്നാമ്പുറത്തോ തോട്ടത്തിലോ വയലിലോ ആകാം. ഒറ്റകുഴി ഇരട്ടകുഴി, അഥവാ കല്ലും സിമെ‌ന്‍റും കൊണ്ട് നിര്‍മ്മിച്ച് ജലനിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ ഉള്ള ടാങ്കുകളും ആകാം. ഏറ്റവും ലളിതവും, സൗകര്യമുള്ളതുമായ കുഴി 2 മി x 1 മി x 0.75 മി അളവിലുള്ളതാണ്. ലഭ്യമാകുന്ന ജൈവ വളം, കാര്‍ഷിക അവശിഷ്ടങ്ങളുടെ തോതനുസരിച്ചുള്ള കുഴികളാണ് നിര്‍മ്മിക്കേണ്ടത്. പുഴുക്കളെ ഉറുമ്പുകള്‍ ആക്രമിക്കുന്നത് തടയാന്‍ കുഴികളുടെ ചുമരുകളുടെ മധ്യത്തില്‍ ജലം സംഭരിച്ച് വയ്ക്കാന്‍ സംവിധാനം വേണം.

നാല് അറകളുള്ള ടാങ്ക് /കുഴി സംവിധാനം.
നാലറകളുള്ള സംവിധാനത്തിന്‍റെ മേന്‍മ, ഒരു അറയില്‍ നിന്ന് കമ്പോസ്റ്റ് വളത്തോടൊപ്പം മണ്ണിരകളെ നേരത്തെ പ്രോസസ് ചെയ്ത അവശിഷ്ടങ്ങളുള്ള അറകളിലേക്ക് തുടരെ നീക്കിക്കൊണ്ടിരിക്കാം.

വെര്‍മിബെഡ് നിര്‍മ്മാണം
പൊടിച്ച ചുടുകല്ല്, പരുക്കന്‍ മണ്ണ് എന്നിവ 5 സെമീ ഘനത്തില്‍ പാകി അതിനുമുകളില്‍ 15-20 സെ.മീ. ഘനത്തില്‍ നന്നായി ഈര്‍പ്പമുള്ള പശിമരാശി മണ്ണ് പൂശുക. ഇതാണ് ശരിക്കുമുള്ള വെര്‍മി കബഡ് അടുക്ക്.
ഇതിലേയ്ക്ക് മണ്ണിരകളെ ഇടുക, അവയുടെ വീടാണിത്. 2 മി x 1 മി x 0.75 മി ആകൃതിയുള്ള കമ്പോസ്റ്റ് കുഴിയില്‍, 15-20 സെ.മീ. ഘനത്തിലുള്ള വെര്‍മിബെഡ് ഉണ്ടെങ്കില്‍ അവിടെ 150 മണ്ണിരകളെ നിക്ഷേപിക്കാം.
വെര്‍മി ബെഡിനുമുകളില്‍ പുതിയ ചാണകം കൈനിറയെ വിതറുക. അതിനുമുകളില്‍ 5 സെമീ ഘനത്തില്‍ ഉണക്കയിലകള്‍, അതിലും മികച്ചത് അരിഞ്ഞ ജൈവാവശിഷ്ടം / വയ്‌ക്കോല്‍ / ഉണക്കപ്പുല്ല് എന്നിവ വിതറണം. അടുത്ത 30 ദിവസം, ആവശ്യമുള്ളപ്പോഴെല്ലാം വെള്ളം നനച്ചുകൊടുക്കണം.
ഈ തട്ട് ഉണങ്ങാനോ, നനഞ്ഞുചീഞ്ഞതോ ആകരുത്. തുടര്‍ന്ന് കുഴി, തെങ്ങോലയോ, പനയോലയോ അഥവാ പഴയ ചാക്കുകൊണ്ട് മൂടി പക്ഷികളില്‍ നിന്നും രക്ഷിക്കുക.
കുഴികളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ മൂടരുത്, അവ സൂര്യപ്രകാശം തടയും. ആദ്യ 30 ദിവസത്തിനുശേഷം നനഞ്ഞ ജൈവാവശിഷ്ടങ്ങള്‍, മൃഗങ്ങളുടെയോ അഥവാ അടുക്കളാവശിഷ്ടങ്ങളോ, ഹോട്ടല്‍, ഹോസ്റ്റല്‍, വയല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അവശിഷ്ടം 5 സെ.മീ. ഘനത്തില്‍ അടുക്കുക. ഇത് ആഴ്ചയില്‍ രണ്ടുതവണ ആവര്‍ത്തിക്കാം.
ഈ അവശിഷ്ടങ്ങള്‍ നിശ്ചിത ഇടവേളകളില്‍ പിക് ആക്‌സ്, അഥവാ മണ്‍കോരി ഉപയോഗിച്ച് ഇളക്കിയിടാം.
കുഴികളില്‍ ശരിക്കും ഈര്‍പ്പം നിലനിര്‍ത്താന്‍ കൃത്യമായി നനച്ചുകൊടുക്കണം. വരണ്ട കാലാവസ്ഥയാണെങ്കില്‍ നന്നായി നനയ്ക്കണം.

എപ്പോഴാണ് കമ്പോസ്റ്റ് തയാറാകുന്നത്?
കമ്പോസ്റ്റ് കടുത്ത ബ്രൗണ്‍ നിറം ആയി, ശരാശരി ഇളകി, നുറുങ്ങി കാണപ്പെടുമ്പോള്‍ വളം തയാറായി എന്നു പറയാം. കറുത്ത്, തരികള്‍ പോലെ, ഭാരം കുറഞ്ഞ, ജൈവാംശം നിറഞ്ഞതാണിത്.
ഏകദേശം 60-90 ദിവസത്തില്‍ (കുഴിയുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും), കമ്പോസ്റ്റ് തയാറായി എന്ന് മണ്ണിരയുടെ വിസര്‍ജ്ജ്യം, തട്ടിനുമുകളില്‍ കാണപ്പെടുന്നതിലൂടെ മനസിലാക്കാം. കുഴിയില്‍ നിന്ന് കമ്പോസ്റ്റ് വളം ഉപയോഗത്തിന് എടുക്കാവുന്നതാണ്.
കമ്പോസ്റ്റില്‍ നിന്ന് ഇരകളെ വേര്‍തിരിക്കുന്നതിന് തട്ടുകള്‍ ഒഴിക്കുന്നതിന് മൂന്നുദിവസം മുമ്പ് വെള്ളം ഒഴിക്കുന്നത് നിര്‍ത്തുക. ഇതിനാല്‍ 80% വരെ ഇരകള്‍ തട്ടിനടിയിലേക്ക് പോകും.
അരിപ്പകളിലൂടെയും ഇരകളെ വേര്‍തിരിക്കാവുന്നതാണ്. മണ്ണിരകളും ദ്രവിക്കാത്ത കട്ടിയുള്ള വസ്തുക്കളും അരിപ്പയില്‍ അവശേഷിക്കും. ഇവയെ തട്ടിലേക്ക് തിരികെ ഇട്ടശേഷം അരിക്കല്‍ തുടരാം. കമ്പോസ്റ്റിന് മണ്ണിന്‍റെ മണമായിരിക്കും. മറ്റേതെങ്കിലും ദുര്‍ഗന്ധം ഉണ്ടായാല്‍ അതിനര്‍ത്ഥം അഴുകല്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയില്ല എന്നും, ബാക്ടരിയയുടെ പ്രവര്‍ത്തനം തുടരുന്നുവെന്നുമാണ്. പുഴുങ്ങിയ മണം ഉണ്ടെങ്കില്‍, പൂപ്പിന്‍റെ സാന്നിദ്ധ്യം അഥവാ അധികം ചൂടായതാണ് കാരണം. ഇത് നൈട്രജന്‍റെ നഷ്ടം വരുത്തും. ഇങ്ങനെ ഉണ്ടായാല്‍ അവശിഷ്ടക്കൂന നന്നായി വായുകൊള്ളിക്കുക, അല്ലെങ്കില്‍ കൂടുതല്‍ നാരുകളുള്ള വസ്തുക്കള്‍ ചേര്‍ത്ത് വീണ്ടും പ്രക്രിയ തുടരുക, കൂന വരണ്ടതാക്കി വയ്ക്കുക. അതിനുശേഷം കമ്പോസ്റ്റ് അരിച്ച് പായ്ക്കു ചെയ്യാം.
നിര്‍മ്മിച്ചെടുത്ത വസ്തു വെയിലത്ത് കൂനയായി വയ്ക്കുക. അതിനുള്ളിലെ പുഴുക്കള്‍ താഴേക്ക് വലിഞ്ഞ് മാറിക്കൊള്ളും.
രണ്ട്/നാല് കുഴികളുള്ള സംവിധാനത്തില്‍ ആദ്യ അറയില്‍ വെള്ളം ഒഴിക്കുന്നത് നിര്‍ത്തുക. പുഴുക്കള്‍ അവിടെനിന്ന് മറ്റൊരു അറയിലേക്ക് മാറും. ഇതിലൂടെ ഒരു പ്രത്യേക ക്രമത്തില്‍ പുഴുക്കള്‍ക്കാവശ്യമായ അന്തരീക്ഷാവസ്ഥ നിലനിര്‍ത്താം. അതുപോലെ വിളവെടുക്കുന്നതും ചാക്രികമായി തുടരാം.

മണ്ണിര വളത്തിന്‍റെ മേന്‍മകള്
മണ്ണിരകള്‍ക്ക് ജൈവാവശിഷ്ടങ്ങളെ വളരെ വേഗം വിഘടിപ്പിക്കാനുള്ള കഴിവുണ്ട്. നല്ല ഘടനയുള്ള വിഷാംശമില്ലാത്ത വളം ഇതിലൂടെ ലഭിക്കും. ഉയര്‍ന്ന സാമ്പത്തിക മൂല്യം തരുന്നതുകൂടാതെ ചെടികളുടെ വളര്‍ച്ചയ്ക്ക് നല്ല കണ്ടീഷണറായും പ്രവര്‍ത്തിക്കുന്നു.
മണ്ണിരവളം നല്ല ധാതുസന്തുലനം തരുന്നു, പോഷക ലഭ്യത മെച്ചപ്പെടുത്തുന്നു. നല്ലൊരു കോംപ്ലക്‌സ്-ഫെര്‍ട്ടിലൈസര്‍ വളവുമാണ്
രോഗനിദാന സൂക്ഷ്മാണു ജീവികളെ ഇല്ലായ്മ ചെയ്യാനും വളം സഹായിക്കും. ഇക്കാര്യത്തില്‍ കമ്പോസ്റ്റിംഗില്‍ നിന്നും വലിയ വ്യത്യാസമില്ല.
അവശിഷ്ടങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക എന്ന വലിയ പാരിസ്ഥിതിക പ്രശ്‌നത്തിന് പരിഹാരം കൂടിയാണ് കമ്പോസ്റ്റ് വളനിര്‍മ്മാണം. പ്രക്രിയ പൂര്‍ത്തിയാക്കേണ്ട ആവശ്യം കൂടി വരുന്നില്ല.
നിര്‍ദ്ദനര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും, കുടില്‍ വ്യവസായമായി ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. തരക്കേടില്ലാത്ത വരുമാനം നല്‍കുന്ന തൊഴിലാണിത്.
ഗ്രാമംതോറും തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍/ സ്ത്രീകള്‍ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് മണ്ണിര വളനിര്‍മ്മാണം തുടങ്ങിയാല്‍ ഗ്രാമീണര്‍ക്ക് തന്നെ നിര്‍ദ്ദിഷ്ട തുകകള്‍ക്ക് വിറ്റ് വരുമാനമുണ്ടാക്കാം. ചെറുപ്പക്കാര്‍ക്ക് ഒരു തൊഴില്‍, ഒരു വരുമാനം എന്നതുമാത്രമല്ല, മികച്ച മേന്‍മയുള്ള ജൈവവളം സമൂഹത്തിന് നല്‍കി, നല്ല കാര്‍ഷിക രീതി നിലനിര്‍ത്താന്‍ കഴിയും.

ഉറവിടം: ശ്രീ. AMM മുരുഗപ്പ ചെട്ടിയാര്‍ റിസര്‍ച്ച് സെന്‍റര്‍ (MCRC), ചെന്നൈ
Vermicompost - Production and Practices
--------------------------------------------------------------

പല രീതിയിലും നമ്മുക്ക് മണ്ണിരക്കമ്പോസ്റ്റ് നിര്‍മ്മിക്കാം.

1.5മീറ്റര്‍ വീതിയും,5മീറ്റര്‍ നീളവും,1മീറ്റര്‍ ആഴവുമുള്ള സിമെന്റ് കൊണ്ട് പണിതിട്ടുള്ളതാണ് മണ്ണിര കമ്പോസ്റ്റ്. 65 സെന്റീമീറ്റര്‍ ഉയരത്തില്‍ തകരത്തിന്റെ ഷീറ്റും ഇടണം(മഴയെ തടുക്കുന്നതിന്) .ചിത്രത്തില്‍ കാണുന്നത് പോലെ രണ്ട് ഭാഗമാക്കിയാല്‍ ആദ്യം നിക്ഷേപിക്കുന്നത് ചീയുന്നതിനനുസരിച്ച് രണ്ടാമത്തെ ടാങ്കില്‍ നിക്ഷേപിക്കാം.


മണ്ണിര കംമ്പോസ്റ്റിനുപയോഗിച്ചിരിക്കുന്ന മണ്ണിരയുടെ പേര്‍ യൂഡ്രില്ലസ് യൂഗിനിയെ(Eudrillus eugineae)
ഏറ്റവും അടിയിലായി ചകിരി നിരത്തി വെക്കണം.അതിനടിയില്‍ നിന്നും ഒരു പൈപ്പ് പുറത്തേക്കിടണം. അതിലൂടെയാണ് വെര്‍മി വാഷ് എന്ന ഒരു ദ്രാവകം കിട്ടുന്നത്.ഇതില്‍ 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് നനച്ചു കൊടുക്കാം.
ചകിരി നിരത്തിയതിനു ശേഷം അതിനു മുകളില്‍ വിരയെ നിഷേപിക്കുക. 8:1 എന്ന അനുപാതത്തില്‍ ചപ്പുചവറും(8),ചാണകവും(1) നിക്ഷേപിക്കണം. വെള്ളത്തിന്റെ അംശം തീരെയില്ലെങ്കില്‍ 4 ദിവസം കൂടുമ്പോള്‍ അല്പം നനക്കുന്നത് നല്ലതാണ്. ആഴ്ചയിലൊരിക്കല്‍ ഇളക്കുന്നത് വായു സഞ്ചാരം ഉണ്ടാക്കാന്‍ നല്ലതാണ്. ഉറുമ്പുകളുടെ ഉപദ്രവം കുറക്കാന്‍ തറയുടെ എല്ലാ ഭാഗത്തും വെള്ളം കെട്ടി നിര്‍ത്തണം. ഗാര്‍ഹിക അവഷിഷ്ടങ്ങള്‍ ഉപയൊഗിച്ചുള്ള കമ്പൊസ്റ്റില്‍ 1.82%N, 0.91%P2O5, 1.58% K2O അടങ്ങിയിട്ടുണ്ട്.

നിക്ഷേപിക്കേണ്ട വേസ്റ്റ് സാധനങ്ങള്‍ :

വീട്ടിലെ വേസ്റ്റ്,പച്ചക്കറി വേസ്റ്റ്,പേപ്പര്‍,ചാണകം തുടങ്ങിയവ ഇതില്‍ നിക്ഷേപിക്കാം.പുളിയും,എരിവും,മധുരവുമുള്ള വസ്തുക്കളും,പ്ലാസ്റ്റിക്കും ഇടരുത്.തെങ്ങിന്റെ ഓലയിടുമ്പോള്‍ ഈര്‍ക്കിള്‍ ഒഴിവാക്കി വേണം നിക്ഷേപിക്കാന്‍.
മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ഗവണ്‍മെന്റില്‍ നിന്നും 25% മുതല്‍ 50% വരെ സബ്സീഡി ലഭിക്കാം.

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: karshikakeralam.gov.in 

Read More...

പാം വൈന്‍ (നീര) കേരകര്‍ഷകരെ സഹായിക്കുമോ


കേര(ള) രക്ഷയ്ക്ക് നീരയിലൂടെ വഴി

നീരയുടെ അദ്ഭുതകരമായിട്ടുള്ള വ്യാപാര- വാണിജ്യ- വ്യാവസായിക സാധ്യതകള്‍ കണ്ടറിഞ്ഞതോടെ ആഗോള കേരകൃഷിരംഗത്ത് നവോത്ഥാനത്തിന്റെ ഒരു പുതിയശക്തി രൂപംകൊണ്ടിരിക്കുന്നു. കരിക്കിന്‍ വെള്ളവും വെര്‍ജിന്‍ കോക്കനട്ട് ഓയിലും സൃഷ്ടിച്ച പ്രതീക്ഷയുടെ പിന്നാലെയാണ് 'നീര' രൂപംനല്‍കിയിരിക്കുന്ന വമ്പിച്ച പ്രതീക്ഷകളും വിപുലമായ അവസരങ്ങളും ഉദിച്ചിരിക്കുന്നത്.

മദ്യാംശം (ആല്‍ക്കഹോള്‍) ഇല്ലാതെ, പുളിക്കാന്‍ അനുവദിക്കാതെ, മൂന്നുമുതല്‍ ആറുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുമെന്ന ശാസ്ത്രീയ കണ്ടുപിടിത്തം മാത്രമല്ല അതുവഴി കേരപഞ്ചസാരയും ശര്‍ക്കരയും തുടങ്ങി ആധുനികലോകത്തിന് പ്രിയങ്കരമായ നൂഡില്‍സ് പോലുള്ള വിഭവങ്ങളും ഉണ്ടാക്കാമെന്ന ഉറപ്പുകളാണ് പുതിയ പ്രതീക്ഷകളുടെ സജീവയാഥാര്‍ഥ്യങ്ങള്‍.

ഇന്‍ഡൊനീഷ്യയാണ് നീര ഉത്പാദനത്തിലും ഉപഭോഗത്തിലും കയറ്റുമതിയിലും മുന്‍പില്‍നില്ക്കുന്ന രാഷ്ട്രം. പ്രതിമാസം അരലക്ഷം ടണ്‍ കേരപഞ്ചസാര അവര്‍ ഉത്പാദിപ്പിക്കുന്നു. വര്‍ഷത്തില്‍ 6 ലക്ഷം ടണ്‍! ഒരു വര്‍ഷം 150 കോടി ഡോളറിന്റെ ബിസിനസ്സാണ് അവര്‍ക്ക് ഇതുവഴി കിട്ടുന്നത്. പഞ്ചസാരയുടെ ആറ് ഇരട്ടി സിറപ്പും ഉത്പാദിപ്പിച്ച് അവര്‍ വില്‍ക്കുന്നു. ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല ഇന്ത്യയിലേക്കും ഇതിന് എത്താന്‍ കഴിയും. തിരുവനന്തപുരത്ത് ഇപ്പോള്‍ തായ്‌ലന്‍ഡില്‍നിന്ന് ടിന്നില്‍ പായ്ക്കുചെയ്ത 'ഇളനീര്‍' സമൃദ്ധമായി വില്‍ക്കുന്നതുപോലെ വിദേശനിര്‍മിത നീരയും നീര ഉത്പന്നങ്ങളും ഇന്ത്യയിലും കേരളത്തിലും വില്‍ക്കുന്നത് കാണാന്‍ നമുക്ക് കഴിഞ്ഞെന്നുവരാം.

നീരയുടെയും അതില്‍നിന്നുള്ള ഉത്പന്നങ്ങളുടെയും ഗുണങ്ങള്‍ ഇന്‍ഡൊനീഷ്യയിലെയും ഫിലിപ്പീന്‍സിലെയും ഗവേഷകരും ഇന്ത്യയിലെ ശാസ്ത്രജ്ഞരും പറയുന്നത് കേള്‍ക്കുക.

* ഇതില്‍ ആല്‍ക്കഹോള്‍ ഇല്ല.

* നീരയില്‍ കൊഴുപ്പും കൊളസ്‌ട്രോളും ഇല്ല.

* പൊട്ടാസ്യവും സോഡിയവും സമൃദ്ധം.

* കേരപഞ്ചസാരയും ശര്‍ക്കരയും പ്രമേഹസൗഹൃദങ്ങളായ വിഭവങ്ങളാണ്.

* എല്ലാ പ്രായക്കാര്‍ക്കും ഇത് കഴിക്കാം.

* ഇതൊരു പ്രകൃതിദത്ത ആരോഗ്യപാനീയമാണ്. മദ്യമായി ഇതിനെ ചിത്രീകരിക്കുന്നില്ല.

ഇന്‍ഡൊനീഷ്യ ഇതിന്റെ വ്യാപാരം വന്‍ വ്യവസായമാക്കുന്നു. തദ്ദേശീയരും വിദേശികളും വ്യവസായരംഗത്തുണ്ട്. വമ്പന്‍ ബഹുരാഷ്ട്ര കമ്പനിയായ 'യൂണിലിവര്‍' പ്രതിവര്‍ഷം 30000 ടണ്‍ കേരപഞ്ചസാര വാങ്ങുന്നുണ്ട്. മധുരമുള്ള 'സോയി സോസ് ' ഉണ്ടാക്കാനാണിത്. അതുപോലെ 'ഇന്‍ഡൊഫുഡ്' എന്നപേരില്‍ ഒരുതരം നൂഡില്‍സ് ഉണ്ടാക്കാന്‍ 30000 ടണ്‍ കേരപഞ്ചസാര ഉപയോഗിക്കുന്നുണ്ടത്രേ.

ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും ഈ വ്യവസായം ക്രമേണ രൂപംകൊള്ളുന്ന വിവരം നാം മറക്കരുത്. ഇന്ത്യയില്‍ കേരകൃഷി തമിഴകത്തിലും കര്‍ണാടകത്തിലും ആന്ധ്രയിലും ഒഡിഷയിലും മാത്രമല്ല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പെരുകുകയാണ്. വളരെ ശാസ്ത്രീയമായിട്ടാണ് പുത്തന്‍ കേരകൃഷി.
കര്‍ണാടക സര്‍ക്കാര്‍ നാളികേര വികസന ബോര്‍ഡിന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ 'നീര' തയ്യാറാക്കി വില്പന തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന വാര്‍ത്ത വന്നുകഴിഞ്ഞു. കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങുമ്പോള്‍ അത് കേരളത്തിലേക്ക് പ്രവഹിക്കും. ഇപ്പോള്‍ കര്‍ണാടക ഇളനീര്‍ കേരളീയരുടെ ദാഹം ശമിപ്പിക്കുന്നത് സര്‍വയിടത്തും കാണാം. കരിക്കിന്‍ കോര്‍ണര്‍ പോലെ നാളെ 'നീര കോര്‍ണര്‍' നടത്താന്‍ അവര്‍ ആസൂത്രിത പദ്ധതികള്‍ വഴി കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതായും വാര്‍ത്തകളുണ്ട്.

ഒരു തെങ്ങില്‍നിന്ന് ദിനംപ്രതി രണ്ടുലിറ്റര്‍ നീര സാധാരണഗതിയില്‍തന്നെ ലഭിക്കും. 175 തെങ്ങുള്ള ഒരു ഹെക്ടര്‍ തെങ്ങിന്‍തോപ്പിലെ 80 തെങ്ങുകളുടെ മൂന്ന് പൂങ്കുലകള്‍ വീതം ചെത്തിയാല്‍ വാര്‍ഷിക ആദായം ഏഴു ലക്ഷം രൂപയിലധികം വരുമെന്ന് കണക്കാക്കിയിട്ടുണ്ട്. നീരയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍കൂടി പുറത്തുവരുമ്പോള്‍ ആദായവും തൊഴില്‍സാധ്യതയും വ്യവസായിക ഉയര്‍ച്ചയും മറ്റു പലതും ഇതിനുപുറമേ സൃഷ്ടിക്കപ്പെടും.

ഇവിടെ ഇപ്പോള്‍ ഉയര്‍ന്നുവരേണ്ട ഒരു ശക്തിയാണ് കര്‍ഷക താത്പര്യം. 'നീരകര്‍ഷകര്‍' എന്ന ഒരു വിഭാഗം തന്നെ ഈ രംഗത്ത് വേഗം രൂപംകൊള്ളും. കേരകര്‍ഷകരുടെ 'ഫാര്‍മര്‍ കമ്പനി'ക്കാരായിരിക്കും പുതിയ പ്രസ്ഥാനത്തിന്റെ സംഘാടകരും നടത്തിപ്പുകാരും. അല്ലെങ്കില്‍ കൃഷിക്കാരുടെ താത്പര്യം ഇല്ലാതായിപ്പോകും. നിലവില്‍ കള്ളുവ്യവസായത്തില്‍ കൃഷിക്കാര്‍ പാടേ ശക്തിഹീനരാണ്. ശക്തരായ വ്യവസായികളും സംഘടിതരായ തൊഴിലാളികളും അതിശക്തമായ സര്‍ക്കാര്‍ വകുപ്പും കൂടിച്ചേരുമ്പോള്‍ കര്‍ഷകര്‍ക്ക് അതില്‍ താത്പര്യമില്ലാതാകുന്നതിനു കാരണം തെങ്ങിന്റെ ഉടമയ്ക്ക് തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്നതുമൂലമാണ്.

'കര്‍ഷകരക്ഷ' ഉണ്ടായാല്‍ മാത്രമേ 'കേരരക്ഷ' ഉണ്ടാകൂ. അതില്ലെങ്കില്‍ കേരകൃഷിയും അനുബന്ധവ്യവസായങ്ങളും വരണ്ടുനശിക്കും. പക്ഷേ, ഇന്ത്യയിലെ മറ്റ് പ്രമുഖ കേരകൃഷി സംസ്ഥാനങ്ങളായ കര്‍ണാടകവും തമിഴകവും ആന്ധ്രയും മഹാരാഷ്ട്രയും ഒഡിഷയുമൊക്കെ വിപുലമായി 'നീര' ഉത്പാദനത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. അതുപോലെ പുതിയ റീജ്യണല്‍ കരാറുകളുടെ പഴുതുകളിലൂടെയും അല്ലാതെയും ശ്രീലങ്കയും ഇന്‍ഡൊനീഷ്യയും ഫിലിപ്പീന്‍സും നീരയും നീര വിഭവങ്ങളും ഇന്ത്യയിലേക്കും അങ്ങനെ കേരളത്തിലേക്കും എത്തിക്കും എന്നത് ഉറപ്പാണ്.

ഈ കാഴ്ചപ്പാടില്‍ കേരളം വളരെവേഗം നീര ഉത്പാദനത്തിലും മൂല്യവര്‍ധിത ഉത്പന്നങ്ങളിലും ശ്രദ്ധിക്കണം. ഇതിന് സാങ്കേതിക വിദഗ്ധരുടെയും ഗവേഷകരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും വന്‍കൂട്ടായ്മ സര്‍ക്കാര്‍ നേതൃത്വത്തില്‍തന്നെ രൂപമെടുക്കണം. അപ്പോഴും ഒരു കാര്യം മറക്കരുത് കൃഷിക്കാരുടെ തെങ്ങുകൃഷിയില്‍ നിന്നുള്ള ആദായമാകണം മുഖ്യലക്ഷ്യം. കാരണം 60 ലക്ഷം ചെറുകിട കൃഷിയിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന തെങ്ങുകൃഷി ഇപ്പോള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ കേരവൃക്ഷങ്ങള്‍ അന്യമാവുകയാണ്.കാലാവസ്ഥാ വ്യതിയാനം മൂലം രോഗങ്ങളും കീടങ്ങളും തെങ്ങിനെ കൂടുതലായി ബാധിക്കുന്നു.സങ്കരയിനം തെങ്ങുകളില്‍പ്പോലും കീടാക്രമണം അതി രൂക്ഷമാണ്.ഫലപ്രദമായ കീടനാശിനികള്‍ ലഭിക്കാനില്ല.സസ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും വളപ്രയോഗത്തിനും കര്‍ഷക തൊഴിലാളികളുടെ അഭാവം ദൃശ്യമാണ്.കൂലിയും വളരെ കൂടുതലാണ്.

വളത്തിനു തീപിടിച്ച വില.തേങ്ങയിടാന്‍ തെങ്ങുകയറ്റക്കാര്‍ക്കു കൊടുക്കുന്ന കൂലി പോലും തേങ്ങ വിറ്റാല്‍ കിട്ടുന്നില്ല.

45 ലക്ഷം കേരകര്‍ഷകരും ലക്ഷക്കണക്കിനു തെങ്ങും കേരളത്തിലുണ്ട്.വളപ്രയോഗമോ സസ്യസംരക്ഷണമോ ഒന്നും ചെയ്യാതെ കേരവൃക്ഷങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.ഉത്പന്നത്തിനു വില ലഭിച്ചാല്‍ മാത്രമേ തെങ്ങു സംരക്ഷണം സാധ്യമാകൂ.ഒരു കോഴിമുട്ടയുടെ വില പോലും ലഭിക്കുന്നില്ല.തേങ്ങാ വിറ്റു കുടുംബം പോറ്റിയിരുന്ന തേങ്ങാകര്‍ഷകര്‍ ഇനി എങ്ങനെ എന്നു ചിന്തിക്കുകയാണ്.

കേരളം എന്ന പേരു പോലും ഇല്ലാതാകാതിരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അതീവ താല്പര്യം കാണിക്കണം.ഇത്രയധികം കേന്ദ്രമന്ത്രിമാരും ഭരണസ്വാധീനവും കേരളത്തിനുണ്ടായിട്ടും ഭരണാധികാരികള്‍ കേരകൃഷിയുടെ നാശം കണ്ടില്ലെന്നു നടിക്കുകയാണോ?

 കുറേ പച്ചത്തേങ്ങ ചില ജില്ലകളില്‍ നിന്നു സംഭരിച്ചതുകൊണ്ടു മാത്രം പ്രശ്‌നം തീരില്ല.വിദേശ സസ്യ എണ്ണകളുടെ ഇറക്കുമതി വര്‍ഷം തോറും കൂടിക്കൂടി വരുന്നു.കഴിഞ്ഞ നവംബര്‍ മുതല്‍ ഇക്കൊല്ലം മെയ് വരെയുള്ള ഏഴു മാസം ഇന്ത്യ ഇറക്കുമതി ചെയ്തത് 11 ലക്ഷത്തോളം ടണ്‍ പാമോയില്‍ ആണ്.

മുന്‍ കൊല്ലം ഇതേ കാലയളവില്‍ അഞ്ടര ലക്ഷം ടണ്‍ മാത്രമായിരുന്നു ഇറക്കുമതി.ഇവ കേന്ദ്ര സബ്‌സിഡിയോടെയാണ് പൊതുവിതരണ സംവിധാനം വഴി ഉപഭോക്താക്കളുടെ കൈകളില്‍ എത്തുന്നത്.ഇതേ രീതിയില്‍ സബ്‌സിഡി നല്‍കി വെളിച്ചെണ്ണയും പൊതുവിതരണ സംവിധാനത്തിലൂടെ ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞാല്‍ ഒരു സമാശ്വാസ നടപടിയാകും.

 നാളികേര വൈവിധ്യവത്കരണ വിഭാഗത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല 2000 മുതല്‍ നാലു വര്‍ഷക്കാലം ഗവേഷണങ്ങള്‍ നടത്തി.കേരസുധഎന്ന പേരില്‍ വിഭവങ്ങള്‍ ഉരുത്തിരിച്ചെടുത്തത് ഇന്നും വെളിച്ചം കാണാതെ കിടക്കുന്നു.

 നിയമക്കുരുക്കില്‍ നിന്ന് എത്രയും വേഗം നീരയെ മോചിപ്പിച്ചാല്‍ അത് തെങ്ങു കര്‍ഷകര്‍ക്കു രക്ഷയാകും.പ്രമേഹ രോഗികള്‍ക്കു പോലും ഉപയോഗിക്കാവുന്ന മധുരം എന്ന സവിശേഷത നീരയ്ക്കുണ്ട്.

നീരയില്‍ 17 ശതമാനം അന്നജമാണുള്ളഥ്.പോഷക ഔഷധമൂല്യ സമ്പന്നമായ നീര ക്ഷയരോഗത്തിനും വിളര്‍ച്ചയ്ക്കും ആസ്തമയ്ക്കും പ്രതിവിധിയാണ്.മധുരക്കള്ള് പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യ മൈസൂരിലെ ഡിഎഫ്ആര്‍എല്‍ , ഡിഎഫ്ടിആര്‍ഐ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നു വികസിപ്പിച്ചെടുത്തിട്ടുണ്ട്.

 തെങ്ങില്‍ നിന്നുള്ള മധുരക്കള്ള് പുളിക്കാന്‍ അനുവദിക്കാതിരുന്നാല്‍ നീരയാകും.ലോകത്തു ലഭ്യമാകുന്നതില്‍ ഏറ്റവുമധികം രുചിയും ഔഷധഗുണവും പോഷകമൂല്യവുമുള്ള പ്രകൃതിദത്ത പാനീയമെന്നു നീരയെ വിശേഷിപ്പിക്കുന്നു.ഇതു മദ്യാംശം തീരെയില്ലാത്തതും ഏറെക്കാലം കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാവുന്നതുമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.കേരസുധ എന്ന പേരില്‍ നീര വിപണിയിലിറക്കാനുള്ള സാങ്കേതികവിദ്യ കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.

 തെങ്ങു കര്‍ഷകരെ രക്ഷിക്കാന്‍ കര്‍ണാടക സംസ്ഥാനം നീര ഉത്പാദനം ആരംഭിക്കുന്നു.ശ്രീലങ്ക ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തായ്‌ലന്റ്, മലേഷ്യ, വിയറ്റ്‌നാം, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തെങ്ങില്‍ നിന്നു നീരയും നീരയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉത്പാദിപ്പിച്ച് ആഭ്യന്തര ഉപഭോഗത്തിലൂടെയും കയറ്റുമതിയിലൂടെയും മികച്ച വരുമാനം ഉണ്ടാക്കുന്നു.

 റബ്ബര്‍ വിലയിടിവ് പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനു റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനെ വിളിച്ചുവരുത്തി പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകള്‍ പരിഷോധിക്കണമെന്ന് പ്രധാനമന്ത്രി കേന്ദ്ര വാണിജ്യമന്ത്രിക്കു നിര്‍ദേശം നല്‍കിയതുപോലെ , നാളികേര വികസന ബോര്‍ഡ് ചെയര്‍മാനുമായി കൃഷിമന്ത്രി ചര്‍ച്ച ചെയ്തു സസ്യ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കണം.

 അതുപോലെ തന്നെ സംസ്ഥാന സര്‍ക്കാര്‍ നീര ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തെങ്ങില്‍ നിന്ന് ഉത്പാദിപ്പിച്ച് ആഭ്യന്തര-വിദേശ പിവണി കണ്ടുപിടിക്കുകയും ചെയ്താല്‍ കേരളത്തിലെ തെങ്ങും തെങ്ങു കര്‍ഷകനും രക്ഷപ്പെടും.തേങ്ങയുടെ വിലയിടിവിനു ശാശ്വത പരിഹാരമാകണമെങ്കില്‍ തെങ്ങില്‍ നിന്നു നീര ഉത്പാദിപ്പിക്കുകയും മൂള്യവര്‍ധിത ഉത്പന്നങ്ങള്‍ ധാരാളമായി വിപണിയില്‍ ഇറക്കുകയും വേണം.

 നാളികേര വികസ ബോര്‍ഡ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിനു രൂപം നല്‍കിയതുപോലെ നീര ഉത്പാദനത്തിനു മുമ്പോട്ടു വരുന്ന യുവജനങ്ങള്‍ക്കു പ്രോത്സാഹനവും പരിശീലനവും നല്‍കണം.

(വി.ഒ.ഔതക്കുട്ടി)
Read More...

കുരുമുളക് മെതിക്കാനും റബ്ബര്‍ ടാപ്പ്‌ചെയ്യാനും യന്ത്രം

രവിയുടെ കാര്ഷികയന്ത്രങ്ങള്
 
 
കുരുമുളക് മെതിക്കാനും റബ്ബര്‍ ടാപ്പ്‌ചെയ്യാനും രവി യന്ത്രംകണ്ടുപിടിച്ചു. ഏലക്കായ പറിക്കാനും ഏലത്തിന് കുഴിയെടുക്കാനുമുള്ള യന്ത്രത്തിന്റെ രൂപകല്‍പ്പനയിലാണിപ്പോള്‍ രവി.

ഇടുക്കി ചരളങ്ങാനം ഉപ്പുതോട് പാലത്തുംതലക്കല്‍ രവി ബാല്യംമുതല്‍ എന്ത് യന്ത്രം കണ്ടാലും അഴിച്ചുപണിയും. അതുപോലൊരെണ്ണം ഉണ്ടാക്കാനുള്ള പരിശ്രമമാണ് പിന്നീട്. മുരിക്കാശ്ശേരിയില്‍നിന്ന് പ്രീഡിഗ്രി പാസായ രവി പാലാ രാമപുരത്ത് വിവിധ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പുകളില്‍ പത്തുപന്ത്രണ്ട് വര്‍ഷത്തോളം പണിയെടുത്തു. വര്‍ക്‌ഷോപ്പ് പണി പഠിച്ചതോടെ '98-ല്‍ മുരിക്കാശ്ശേരിയില്‍ ഔര്‍ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പ് തുടങ്ങി. ഗ്രില്‍, ഗേറ്റ്, ഷട്ടര്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനേക്കാള്‍ കര്‍ഷകര്‍ക്കാവശ്യമായ മണ്‍വെട്ടി, ഏണി, ഉന്തുവണ്ടി, ഇരുമ്പുചൂല്‍ തുടങ്ങിയവ അതിവേഗം ഉണ്ടാക്കിക്കൊടുക്കുന്നതിലായിരുന്നു കമ്പം.

അങ്ങനെയിരിക്കെയാണ് കുരുമുളകുകൃഷി മേഖലയായ മുരിക്കാശ്ശേരിയില്‍ പണിക്ക് ആളെ കിട്ടാതായത്. പറിച്ചെടുക്കുന്ന കുരുമുളക് മെതിക്കാനൊരു യന്ത്രം എന്ന ആശയം ഉണ്ടാകുന്നതങ്ങനെ. സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ നിരുത്സാഹപ്പെടുത്തിയതോടെ വാശിയായി. പറഞ്ഞ കാരണം കുരുമുളക് ചതഞ്ഞരഞ്ഞ് പോകുമെന്നതായിരുന്നു. അര അല്ലെങ്കില്‍ ഒരു കുതിരശക്തിയുള്ള മോട്ടോര്‍, കുരുമുളക് ഇടാന്‍ ഒരു ഫര്‍ണസ് ഇത്രയുമാണ് യന്ത്രഭാഗം. യന്ത്രം കുരുമുളക് മെതിച്ച് ഒറ്റക്കുരുമുളകാക്കി അരിപ്പയിലൂടെ താഴെ ഫ്രെയിമില്‍ തട്ടും.

ഈ മെതിയന്ത്രം ഇപ്പോള്‍ വീണ്ടും രൂപകല്‍പ്പനചെയ്ത് ഗ്രാമ്പൂപോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍വരെ മെതിക്കാമെന്നായി. ഒരു അഡീഷണല്‍ ഫിറ്റിങ് പിടിപ്പിച്ചാല്‍ ഏലക്ക പോളിഷ് ചെയ്‌തെടുക്കാനുള്ള യന്ത്രമാക്കി മാറ്റാം. വെള്ളക്കുരുമുളക് ഉണ്ടാക്കാനായി തൊലി ഉരിഞ്ഞെടുക്കാനും ഈ യന്ത്രത്തെ മാറ്റിയിട്ടുണ്ട്.

യന്ത്രം മോട്ടോറിന്റെ സഹായമില്ലാതെ കൈകൊണ്ടും പ്രവര്‍ത്തിപ്പിക്കാം. മണിക്കൂറില്‍ 300 കിലോഗ്രാം കുരുമുളക് മെതിച്ച് 95 ശതമാനം തിരികളും മണികളുമാക്കി മാറ്റാമെന്ന് രവി അവകാശപ്പെടുന്നു. ഒപ്പം ഗുണഭോക്താക്കളുടെ സാക്ഷ്യവും. 'അനോറ പെപ്പര്‍ ത്രെഷര്‍' എന്ന പേരിന് 2010-ല്‍ പേറ്റന്റും ലഭിച്ചു.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് അഞ്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ടാപ്പിങ് യന്ത്രം രവി വികസിപ്പിച്ചു. ചെലവുകുറഞ്ഞതും റബ്ബര്‍മരത്തിന്റെ പട്ട കേടുകൂടാതെ ഒരേരീതിയില്‍ ചീകി പാലെടുക്കാവുന്നതുമായ യന്ത്രം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടികള്‍ക്കുപോലും ടാപ്പുചെയ്യാനാകും. പാല്‍ നഷ്ടമാകുമെന്നോ മരം കേടാകുമെന്നോ ഭയവും വേണ്ട- രവി ഉറപ്പ് നല്‍കുന്നു.
കര്‍ഷകന്‍കൂടിയായ രവി ഐ.ആര്‍.ഐ. 105 ഇനം കൃഷി ചെയ്യുന്നു. 15 ഷീറ്റ് ലഭിക്കും. 300 ചുവട് കുരുമുളകില്‍നിന്ന് 250 കിലോ കുരുമുളക് കിട്ടും. 40 കിലോ കൊക്കോയും ഉത്പാദിപ്പിക്കുന്നു.

ഏലക്കായ പറിച്ചെടുക്കാനുള്ള യന്ത്രവും ഏലത്തിന് കുഴിയെടുക്കുന്നതിനുള്ള യന്ത്രങ്ങളുമാണ് തന്റെ അടുത്ത ആശയങ്ങളെന്ന് രവി പറഞ്ഞു. ഭാര്യ കട്ടപ്പന പുലിക്കുന്നു മുകളേല്‍ ഗീതയും മക്കളായ രവീണ ആര്‍. ആചാര്യയും ആദിത്യദേവ് ആര്‍. ആചാര്യയും രവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. ഇവരുടെ പ്രചോദനത്തില്‍ ചെലവുകുറഞ്ഞ രീതിയില്‍ ജാതിക്ക, കുടംപുളി, ഗ്രാമ്പു, തേങ്ങ തുടങ്ങിയവ ഒരുമിച്ച് ഉണക്കാന്‍ കഴിയുന്ന യന്ത്രവും രവി രൂപകല്‍പ്പനചെയ്തിട്ടുണ്ട്.

രവിയുടെ യന്ത്രങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ഫോണ്‍: 04868-263210, 9495127730.

ഡോ. വി. ശ്രീകുമാര്‍
 
Read More...

Share