കുരുമുളക് മെതിക്കാനും റബ്ബര്‍ ടാപ്പ്‌ചെയ്യാനും യന്ത്രം

രവിയുടെ കാര്ഷികയന്ത്രങ്ങള്
 
 
കുരുമുളക് മെതിക്കാനും റബ്ബര്‍ ടാപ്പ്‌ചെയ്യാനും രവി യന്ത്രംകണ്ടുപിടിച്ചു. ഏലക്കായ പറിക്കാനും ഏലത്തിന് കുഴിയെടുക്കാനുമുള്ള യന്ത്രത്തിന്റെ രൂപകല്‍പ്പനയിലാണിപ്പോള്‍ രവി.

ഇടുക്കി ചരളങ്ങാനം ഉപ്പുതോട് പാലത്തുംതലക്കല്‍ രവി ബാല്യംമുതല്‍ എന്ത് യന്ത്രം കണ്ടാലും അഴിച്ചുപണിയും. അതുപോലൊരെണ്ണം ഉണ്ടാക്കാനുള്ള പരിശ്രമമാണ് പിന്നീട്. മുരിക്കാശ്ശേരിയില്‍നിന്ന് പ്രീഡിഗ്രി പാസായ രവി പാലാ രാമപുരത്ത് വിവിധ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പുകളില്‍ പത്തുപന്ത്രണ്ട് വര്‍ഷത്തോളം പണിയെടുത്തു. വര്‍ക്‌ഷോപ്പ് പണി പഠിച്ചതോടെ '98-ല്‍ മുരിക്കാശ്ശേരിയില്‍ ഔര്‍ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പ് തുടങ്ങി. ഗ്രില്‍, ഗേറ്റ്, ഷട്ടര്‍ തുടങ്ങിയവ നിര്‍മിക്കുന്നതിനേക്കാള്‍ കര്‍ഷകര്‍ക്കാവശ്യമായ മണ്‍വെട്ടി, ഏണി, ഉന്തുവണ്ടി, ഇരുമ്പുചൂല്‍ തുടങ്ങിയവ അതിവേഗം ഉണ്ടാക്കിക്കൊടുക്കുന്നതിലായിരുന്നു കമ്പം.

അങ്ങനെയിരിക്കെയാണ് കുരുമുളകുകൃഷി മേഖലയായ മുരിക്കാശ്ശേരിയില്‍ പണിക്ക് ആളെ കിട്ടാതായത്. പറിച്ചെടുക്കുന്ന കുരുമുളക് മെതിക്കാനൊരു യന്ത്രം എന്ന ആശയം ഉണ്ടാകുന്നതങ്ങനെ. സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ നിരുത്സാഹപ്പെടുത്തിയതോടെ വാശിയായി. പറഞ്ഞ കാരണം കുരുമുളക് ചതഞ്ഞരഞ്ഞ് പോകുമെന്നതായിരുന്നു. അര അല്ലെങ്കില്‍ ഒരു കുതിരശക്തിയുള്ള മോട്ടോര്‍, കുരുമുളക് ഇടാന്‍ ഒരു ഫര്‍ണസ് ഇത്രയുമാണ് യന്ത്രഭാഗം. യന്ത്രം കുരുമുളക് മെതിച്ച് ഒറ്റക്കുരുമുളകാക്കി അരിപ്പയിലൂടെ താഴെ ഫ്രെയിമില്‍ തട്ടും.

ഈ മെതിയന്ത്രം ഇപ്പോള്‍ വീണ്ടും രൂപകല്‍പ്പനചെയ്ത് ഗ്രാമ്പൂപോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍വരെ മെതിക്കാമെന്നായി. ഒരു അഡീഷണല്‍ ഫിറ്റിങ് പിടിപ്പിച്ചാല്‍ ഏലക്ക പോളിഷ് ചെയ്‌തെടുക്കാനുള്ള യന്ത്രമാക്കി മാറ്റാം. വെള്ളക്കുരുമുളക് ഉണ്ടാക്കാനായി തൊലി ഉരിഞ്ഞെടുക്കാനും ഈ യന്ത്രത്തെ മാറ്റിയിട്ടുണ്ട്.

യന്ത്രം മോട്ടോറിന്റെ സഹായമില്ലാതെ കൈകൊണ്ടും പ്രവര്‍ത്തിപ്പിക്കാം. മണിക്കൂറില്‍ 300 കിലോഗ്രാം കുരുമുളക് മെതിച്ച് 95 ശതമാനം തിരികളും മണികളുമാക്കി മാറ്റാമെന്ന് രവി അവകാശപ്പെടുന്നു. ഒപ്പം ഗുണഭോക്താക്കളുടെ സാക്ഷ്യവും. 'അനോറ പെപ്പര്‍ ത്രെഷര്‍' എന്ന പേരിന് 2010-ല്‍ പേറ്റന്റും ലഭിച്ചു.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് അഞ്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ടാപ്പിങ് യന്ത്രം രവി വികസിപ്പിച്ചു. ചെലവുകുറഞ്ഞതും റബ്ബര്‍മരത്തിന്റെ പട്ട കേടുകൂടാതെ ഒരേരീതിയില്‍ ചീകി പാലെടുക്കാവുന്നതുമായ യന്ത്രം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടികള്‍ക്കുപോലും ടാപ്പുചെയ്യാനാകും. പാല്‍ നഷ്ടമാകുമെന്നോ മരം കേടാകുമെന്നോ ഭയവും വേണ്ട- രവി ഉറപ്പ് നല്‍കുന്നു.
കര്‍ഷകന്‍കൂടിയായ രവി ഐ.ആര്‍.ഐ. 105 ഇനം കൃഷി ചെയ്യുന്നു. 15 ഷീറ്റ് ലഭിക്കും. 300 ചുവട് കുരുമുളകില്‍നിന്ന് 250 കിലോ കുരുമുളക് കിട്ടും. 40 കിലോ കൊക്കോയും ഉത്പാദിപ്പിക്കുന്നു.

ഏലക്കായ പറിച്ചെടുക്കാനുള്ള യന്ത്രവും ഏലത്തിന് കുഴിയെടുക്കുന്നതിനുള്ള യന്ത്രങ്ങളുമാണ് തന്റെ അടുത്ത ആശയങ്ങളെന്ന് രവി പറഞ്ഞു. ഭാര്യ കട്ടപ്പന പുലിക്കുന്നു മുകളേല്‍ ഗീതയും മക്കളായ രവീണ ആര്‍. ആചാര്യയും ആദിത്യദേവ് ആര്‍. ആചാര്യയും രവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. ഇവരുടെ പ്രചോദനത്തില്‍ ചെലവുകുറഞ്ഞ രീതിയില്‍ ജാതിക്ക, കുടംപുളി, ഗ്രാമ്പു, തേങ്ങ തുടങ്ങിയവ ഒരുമിച്ച് ഉണക്കാന്‍ കഴിയുന്ന യന്ത്രവും രവി രൂപകല്‍പ്പനചെയ്തിട്ടുണ്ട്.

രവിയുടെ യന്ത്രങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ഫോണ്‍: 04868-263210, 9495127730.

ഡോ. വി. ശ്രീകുമാര്‍
 

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share