കൈയെത്തും ഉയരത്തില്‍ തെങ്ങുകള്‍


കൈയെത്തും ഉയരത്തില്‍ തെങ്ങുകള്‍ പലവിധം
കൊല്ലം:കൈയെത്തി നാളികേരം പറിക്കാവുന്ന തെങ്ങുകള്‍ നിരവധി വികസിപ്പിച്ചിട്ടും കര്‍ഷകരിലേക്ക് എത്തുന്നില്ല. കായംകുളത്തും കാസര്‍കോടുമുള്ള കേന്ദ്ര നാളികേര ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ഒരു ഡസനിലധികം കുറിയ തെങ്ങിനങ്ങള്‍ വികസിപ്പിച്ചിട്ടും വ്യാപകമായ ഉത്പാദനം നടക്കാത്തതിനാല്‍ കര്‍ഷകര്‍ക്കാവശ്യമായ തെങ്ങിന്‍ തൈകള്‍ ലഭിക്കുന്നില്ല.
വെസ്റ്റ് കോസ്റ്റ് റ്റാള്‍ എന്ന കൊന്ന ത്തെങ്ങുകളായിരുന്നു കേരളത്തിലെ പ്രീയപ്പെട്ട നാടന്‍ തെങ്ങിനം. ഈ നീളക്കാരന്റെ സൗന്ദ്യരം ആസ്വദിക്കാന്‍ അഷ്ടമുടിക്കായലിന്റെ തീരങ്ങള്‍ കണ്ടാല്‍ മതിയാകും. എന്നാല്‍ നീളക്കൂടുതല്‍ കാരണം തെങ്ങുകയറ്റക്കാര്‍ ഇവയെ തഴയുന്നു. തുടര്‍ന്നാണ് കാഴ്ചയില്‍ കുറിയവരായ ടി ന്ദ ഡി, ഡി ന്ദ ടി, മലൈന്‍ യെല്ലോ, മലൈന്‍ ഓറഞ്ച്, മലൈന്‍ ഗ്രീന്‍, ചാവക്കാട് ഓറഞ്ച് തുടങ്ങിയ കുള്ളന്‍ ഇനങ്ങള്‍ എത്തിയത്. ഇവയില്‍നിന്നും വീണ്ടും സങ്കരം നടത്തിയാണ് കല്പരക്ഷ, കല്പശ്രീ, കേരസങ്കര, ചന്ദ്രലക്ഷ, കല്പസമൃദ്ധി, കല്പധേനു, കല്പമിത്ര, കല്പപ്രതിഭ, കല്പതരു, കേരചന്ദ്ര, കല്പസങ്കര തുടങ്ങിയ അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള തെങ്ങിനങ്ങള്‍ വികസിപ്പിച്ചത്.

മൂന്നു വര്‍ഷംമുതല്‍ കായ്ച്ചു തുടങ്ങുന്ന ഇവയില്‍ പലതും കൈയെത്തി തേങ്ങയിടാവുന്ന പൊക്കക്കാരാണ്. കല്പശ്രീ, കല്പസങ്കര, കല്പരക്ഷ എന്നിവയാണ് ഇവയിലെ പുതു തലമുറ തെങ്ങുകള്‍. ഇതില്‍ ഏറ്റവും കുറിയത് കല്പശ്രീ തന്നെ. മൂന്നടി പൊക്കമെത്തും മുമ്പേ കുലകുലയായി തേങ്ങ നിറയുന്ന ഇവ വീട്ടുമുറ്റങ്ങള്‍ക്കും അലങ്കാരമാണ്. നഗര പ്രദേശങ്ങളിലാണ് ഇവ ഏറെ പ്രയോജനം. കൊപ്ര കുറവും എണ്ണ കൂടുതലുമാണിതിന്. ഇളനീര്‍ പ്രിയര്‍ക്ക് ഏറെ നല്ലത് കല്പസങ്കരയാണ്. ഇങ്ങനെ വ്യത്യസ്ത ഗുണങ്ങളുള്ള തെങ്ങിന്‍ തൈകളേറെയാണെങ്കിലും പരിമിതമായ ഉത്പാദനം മാത്രമാണ് നടക്കുന്നത്.
കാലത്തിന്റെ വികസന കുത്തൊഴുക്കില്‍ നാടിനലങ്കാരമായിരുന്ന കൊന്നത്തെങ്ങുകള്‍ കടപുഴകുമ്പോഴും ജില്ലയില്‍ കേരസമൃദ്ധിക്ക് കുറവില്ലെന്നാണ് കണക്കുകള്‍. കൃഷിഭവന്റെ കണക്കുകള്‍ പ്രകാരം കൊല്ലം ജില്ലയില്‍ മാത്രം 56,675 ഹെക്ടര്‍ സ്ഥലത്ത് തെങ്ങുകൃഷിയുണ്ട്. ഏകദേശം 412 ദശലക്ഷം തെങ്ങുകളാണ് കണക്കുകള്‍ പ്രകാരം ജില്ലയെ അലങ്കരിക്കുന്നത്. കണക്കുകളിങ്ങനെയാണെങ്കിലും ദിനംപ്രതി ജില്ലയുടെ കേരഭംഗി കടപുഴകുകയാണെന്നത് യാഥാര്‍ഥ്യം.

വിവധ ആവശ്യങ്ങള്‍ക്കായി മുറിച്ചു മാറ്റപ്പെടുന്നിടങ്ങളില്‍ പുതിയ തെങ്ങുകള്‍ വളരുന്നില്ല. മീറ്ററുകളോളം നീളത്തില്‍ കൊന്നത്തെങ്ങു വളര്‍ത്താന്‍ കര്‍ഷകര്‍ക്ക് മടിയായി, കാരണം തെങ്ങില്‍ കയറാനാളില്ല, നാളികേരം വിറ്റാല്‍ വിലയില്ല, വരവും ചെലവും തട്ടിച്ചാല്‍ കര്‍ഷകനു മിച്ചം നഷ്ടംമാത്രം. മുന്നു സെന്റിലും നാലു സെന്റിലുമായി കുടുംബങ്ങള്‍ കൂട്ടുകൂടിയപ്പോള്‍ കൊന്നത്തെങ്ങുകള്‍ പടിക്കു പുറത്തായി. എങ്കിലും കുള്ളന്‍ തെങ്ങുകളുമായി നാളികേര കൃഷി നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുകയാണ് നാളികേര വികസന ബോര്‍ഡ്.

വികസന ബോര്‍ഡിന്റെ നഴ്‌സറികളില്‍ വികസിപ്പിക്കുന്ന വിത്തിനങ്ങളാണ് ബോര്‍ഡ് കൃഷിഭവനുകള്‍ വഴി വിതരണം ചെയ്യുന്നത്. രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റുകയും പകരം തെങ്ങുകള്‍ വച്ചു പിടിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയിലൂടെ കൊല്ലം ജില്ലയില്‍ മാത്രം 68100 തെങ്ങിന്‍ തൈകളാണ് നടപ്പു വര്‍ഷത്തില്‍ നല്‍കുന്നത്. കൂടാതെ കൃഷിഭവനുകള്‍ വഴി ഒരു ലക്ഷത്തോളം തൈകളുടെ വിതരണം വേറെയും നടക്കും. സൗജന്യ നിരക്കില്‍ തെങ്ങിന്‍ തൈകള്‍ മാത്രമല്ല, തെങ്ങൊന്നിന് 3.4കി,ഗ്രാം രാസവളം, 500 ഗ്രാം മഗ്‌നീഷ്യം, കുമ്മായം എന്നിവയും നല്‍കും. രോഗം ബാധിച്ച തെങ്ങ് മുറിച്ചുമാറ്റാന്‍ 500 രൂപ വേറെയും നല്‍കും.
റബ്ബറിന്റെ കടന്നുവരവ് മലയോരങ്ങളില്‍ തെങ്ങുകൃഷിക്കു വില്ലനായി. കാറ്റുവീഴ്ചയും മണ്ഡരിയുമാണ് കൃഷിയെ ഏറെ തളര്‍ത്തിയത്. എന്നാല്‍ ഇത്തരത്തിലുള്ള രോഗങ്ങളെ അതിജീവിച്ച തെങ്ങുകളില്‍ നിന്നുള്ള വിത്തുകള്‍ ശേഖരിച്ച് എലൈറ്റ് പാംസ് എന്ന പേരിലുള്ള തൈകള്‍ കരുനാഗപ്പള്ളിയിലെയും അഞ്ചലിലെയും കോക്കനട്ട് ഫാമില്‍ ബോര്‍ഡ് വികസിപ്പിക്കുന്നുണ്ട്. വടക്കന്‍ ജില്ലകളില്‍നിന്നാണ് ഇതിനായി വിത്തുതേങ്ങകള്‍ ശേഖരിക്കുന്നത്. നാളികേരത്തിന് വിലക്കുറവാണെന്ന പ്രശ്‌നം ഒഴിവാക്കാന്‍ അനുബന്ധ ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള യൂണീറ്റുകള്‍ക്കു സഹായം നല്‍കുകയും തെങ്ങുകയറ്റക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു. ഇത്തരത്തില്‍ അഞ്ഞൂറോളം പേര്‍ ജില്ലയില്‍ പരിശീലനം നേടിക്കഴിഞ്ഞു. അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളും മറ്റു സഹായങ്ങളും ലഭ്യമാക്കുന്നതിനാല്‍ തെങ്ങുകൃഷി ജില്ലയില്‍ ഭാരമാകില്ലെന്ന് ജില്ലാ കൃഷി പ്രിന്‍സിപ്പല്‍ ഓഫീസര്‍ സി.ഒ. ഹേമലതയും ഉറപ്പുനല്‍കുന്നു.

Posted@Mathrubhumi on: 28 Jun 2012
 Smt.C.O.Hemalatha Principal Agricultural Officer  - +91 9349680377
(Office Phone No: 0474- 2795082)

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share