വിഷമയമില്ലാതെ വീട്ടുവളപ്പിലെ പച്ചക്കറി തോട്ടം



- മുസ്ഫിറ മുഹമ്മദ് (അസിസ്റന്റ് മാനേജര്‍, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൌണ്‍സില്‍, മലപ്പുറം ജില്ല)



വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും.
ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.
മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം
ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കില്‍ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാവുന്നതാണ്. കൈവരിയോട് ചേര്‍ന്ന് അടിയില്‍ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികള്‍ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളില്‍ ചട്ടികള്‍ വെക്കുന്നതാണ് ഉചിതം. വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. പ്ളാസ്റിക് ചാക്കുകളാണെങ്കില്‍ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കില്‍ സുഷിരം അടക്കണം. ഏറ്റവും അടിയില്‍ രണ്ടിഞ്ച്് കനത്തില്‍ മണല്‍ നിരത്തുക. അതിനു മുകളില്‍ ചട്ടിയുടെ/കവറിന്റെ വാ വട്ടത്തിന്റെ ഒരിഞ്ച് താഴെ വരെ പോട്ടിംഗ് മിശ്രിതം നിറക്കുക. നിറക്കുമ്പോള്‍ സഞ്ചിയുടെ രണ്ട് മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാല്‍ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. മണ്ണ് മിശ്രിതം നിറച്ച ശേഷം ഏറ്റവും മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക,് മണ്ണിര കമ്പോസ്റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം.
പാവല്‍, പടവലം, വെണ്ട എന്നിവയുടെ വിത്തുകള്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നട്ടാല്‍ അങ്കുരണ ശേഷി ഉറപ്പിക്കാം. അധികം താഴ്ചയിലല്ലാതെ വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകള്‍. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകള്‍ പാകിയോ (വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, കുമ്പളം) 30-45 ദിവസം കഴിയുമ്പോള്‍ നാലില പ്രായത്തില്‍ പറിച്ചു നടുകയോ (തക്കാളി, ചീര, മുളക്, വഴുതന) ചെയ്യാം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനക്കണം. ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടി-ഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം. പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലില്‍ തൈകള്‍ക്ക് രണ്ട് മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.
ടെറസ്സിലെ കൃഷിക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. രാസവസ്തുക്കള്‍ ടെറസ്സിനെ കേടുവരുത്തും. ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ (കാലിവളം, എല്ലുപൊടി, കമ്പോസ്റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക്) ഇട്ടുകൊണ്ടിരുന്നാല്‍ ചെടികള്‍ കരുത്തോടെ വളരും. വേനല്‍ക്കാലത്ത് രണ്ടുനേരവും ബാക്കികാലങ്ങളില്‍ മഴയില്ലാത്തപ്പോള്‍ ഒരുനേരവും ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാല്‍ മണ്ണിലുള്ള വായുസഞ്ചാരം കൂടും. ചാക്കില്‍/ചട്ടിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്. ഒരേ വിള തന്നെയോ ഒരേ വര്‍ഗത്തില്‍ പെട്ട വിളകളോ ഒരേ ചാക്കില്‍/ചട്ടിയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോള്‍ മണ്ണിളക്കണം. ഇപ്രകാരം ഒരേ ചട്ടിയില്‍ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും.


കൃഷിക്കനുയോജ്യമായ ഇനങ്ങള്‍
1.
ചീര
അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)
മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)
വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.
2.
വെണ്ട
സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)
അരുണ ( ചുവപ്പ്, നീളമുള്ളത്)
മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.
3.
മുളക്
അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്)
ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍)
മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണല്‍സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.
4.
വഴുതന (കത്തിരി)
ശ്വേത (വെളുത്തത്, ഇടത്തരം നീളം)
ഹരിത (ഇളം പച്ച, നീളമുള്ളത്)
നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്)
രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.
5.
പയര്‍
വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)
കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി)
കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്റ്- സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.
6.
അമരപ്പയര്‍
ഹിമ (ഇളം പച്ച, നീണ്ടു പരന്നത്)
ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)
ജൂലൈ- ആഗസ്റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.
7.
കോവല്‍
സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.
8.
പാവല്‍ (കൈപ്പ)
പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)
പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്)
പ്രിയങ്ക ( വെളുത്തത്, വലിപ്പമുള്ളത്)
വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 3-4 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.
9.
പടവലം
കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍)
ബേബി (വെളുത്തതും ഒരടി നീളവും)
മെയ് ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.
10.
കുമ്പളം
കെ.എ.യു ലോക്കല്‍ (എളവന് പച്ച നിറം, മൂക്കുമ്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്)
ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍)
ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം
11.
മത്തന്‍
അമ്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
സുവര്‍ണ (ഇടത്തരം വലിപ്പം, പരന്നത്, ഉള്‍ക്കാമ്പിന് ഓറഞ്ചു നിറം)
ഏപ്രില്‍, ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം
12.
ചുരക്ക
അര്‍ക്ക ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം)
സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.
13.
വെള്ളരി
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം.
മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം)
സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)
14.
തക്കാളി
അനഘ (ഇടത്തരം വലിപ്പം)
ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
മുക്തി (പച്ച നിറം)
സെപ്തംബര്‍ - ഒക്ടോബര്‍ മാസം നല്ലത് നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.
15.
കാബേജ്
ചട 183, ചട 160 (സങ്കരയിനങ്ങള്‍)
(
ഒരു ചെടിയില്‍ നിന്നും 1.5-2 കി.ലോ തൂക്കമുള്ള ഹെഡ)്
ആദ്യം നഴ്സറി തയ്യാറാക്കി തൈകള്‍ ഉണ്ടാക്കാം. വിത്ത് ഭാരം കുറഞ്ഞ് കടുക് മണി പോലെയായതിനാല്‍ നഴ്സറിയെ ശക്തമായ മഴയില്‍ നിന്നും സംരക്ഷിക്കണം. 0.5- 1 സെ.മി ആഴത്തില്‍ വിത്തു പാകാം. നാലഞ്ചു ദിവസം കൊണ്ട് വിത്ത് മുളച്ച് പൊങ്ങും. 30 ദിവസം പ്രായമാകുമ്പോള്‍ (8-10 സെ.മി) ഉയരത്തിലുള്ള തൈകള്‍ പറിച്ചുനടാം. നട്ട് 55- 60 ദിസത്തിനുള്ളില്‍ ഹെഡുകള്‍ ഉണ്ടായിത്തുടങ്ങും. ഉണ്ടായി 8-10 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. നവംബര്‍ ആദ്യവാരം പറിച്ച് നടേണ്ട തരത്തിലാണ് നഴ്സറിയില്‍ വിത്ത് പാകേണ്ടത് (സെപ്തംബര്‍ 30 നു മുമ്പായി)

സസ്യസത്തുക്കള്‍
ഉപയോഗിച്ചുള്ള കീടനിയന്ത്രണം.
പുകയില കഷായം
അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.
വേപ്പിന്‍കുരു സത്ത്
50
ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
60
കി.ലോ ബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
ഗോമൂത്രം- കാന്താരി മുളക് മുശ്രിത
ഒരു മില്ലി ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് പത്ത് എം.എല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.
നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം
നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.
പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം
പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണം.
മിത്ര കുമിളകളും മിത്ര ബാക്ടീരിയകളും ഉപയോഗിക്കുക വഴി കീടങ്ങളുടെയും രോഗങ്ങളുടെയും ഉപദ്രവം കുറക്കാന്‍ സാധിക്കുന്നു. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളില്‍ കടന്ന് വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിച്ചും കോശങ്ങള്‍ക്ക് കേടുവരുത്തിയും അവയെ നശിപ്പിക്കുന്നു.
"
ട്രൈക്കേഡര്‍മ'' എന്ന മിത്രകുമിള്‍
മിക്ക രോഗകാരികളായ കുമിളുകളെയും നശിപ്പിക്കുന്ന മിശ്രിത കുമിളുകളാണിത്. പച്ചക്കറിയിലെ വേരു ചീയല്‍ രോഗങ്ങളെ അവ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.
ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഇതില്‍ ട്രൈക്കോഡര്‍മ കള്‍ച്ചര്‍ വിതറി ആവശ്യത്തിന് ഈര്‍പ്പം നല്‍കി നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂന കൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ കൊണ്ട് മൂടുക. ഒരാഴ്ചക്ക് ശേഷം മിശ്രിതത്തിന് മുകളിലായി പച്ച നിറത്തിലുള്ള ട്രൈക്കോ ഡര്‍മയുടെ പൂപ്പല്‍ കാണാം. ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂന കൂട്ടി മൂടിയിടുക. ഇപ്രകാരം തയ്യാറാക്കിയ ജൈവവളമിശ്രിതം ചെടിയുടെ പ്രാരംഭദശയില്‍ തന്നെ ഇട്ടുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് പ്രയോഗിക്കുന്നതില്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ല. രാസവളം, കുമ്മായം, ചാരം, കുമിള്‍നാശിനി എന്നിവയോടൊപ്പവും പ്രയോഗിക്കരുത്.
'
സ്യൂഡോമൊണാസ്' എന്ന മിത്ര ബാക്ടീരിയ
സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള ബാക്ടീരിയ വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുവാണിത്. പൊടി രൂപത്തില്‍ ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 1-2 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം നടുകയോ ചെടിയില്‍ തളിക്കുകയോ ചെടിക്ക് ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതല്‍ വിളവുതരികയും ഒപ്പം രോഗകീടനിയന്ത്രണം സാധ്യമാവുകയും ചെയ്യുന്നു.
വളര്‍ച്ചാ ത്വരകങ്ങള്‍
ജൈവകൃഷി മൂലം വളര്‍ച്ച കുറയുമെന്ന ധാരണ പലര്‍ക്കുമുണ്ട്. യഥാസമയം ആവശ്യമായ ജൈവവളങ്ങള്‍ നല്‍കുകയും പഞ്ചഗവ്യം, എഗ്ഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവസ്ളറി പോലുള്ള വളര്‍ച്ചാ ത്വരകങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ചെടികളുടെ ആരോഗ്യവും വളര്‍ച്ചയും ഉറപ്പാക്കാം.
|
കടപ്പാട് : aramamonline.net
------

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share