ബയോഗ്യാസ് പ്ലാന്റ്

ആമുഖം

ഇന്ധന ദൗര്‍ലഭ്യം രൂക്ഷമായ, ഊര്‍ജ്ജ പ്രതിസന്ധി  നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇതിനൊരു പരിഹാരം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുകയും അവ പരാമാവധി പ്രയോജനപ്പെടുത്തുകയുമാണ്.  സൌരോര്‍ജ്ജം,കാറ്റില്‍ നിന്നുള്ള  ഊര്‍ജ്ജം, ജൈവവസ്തുക്കളില്‍ നിന്നുള്ള  ഊര്‍ജ്ജം എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. ഇന്ന് നാട്ടിന്‍പുറങ്ങളില്‍ പോലും പാചകത്തിന് വേണ്ടി വളരെ വിലകൂടിയ ദ്രവീകൃത പെട്രോളിയം ഗ്യാസ്(എല്‍ പി ജി) ആണ് ഉപയോഗിക്കുന്നത്.  കൃഷിയും കന്നുകാലി വളര്‍ത്തലും ഒത്തുചേര്‍ന്ന കൃഷിരീതി നിലവിലുള്ള  നമ്മുടെ നാട്ടില്‍ പാചകത്തിനായി ബയോഗ്യാസ് അല്ലെങ്കില്‍ ജൈവവാതകം ഉപയോഗിക്കുകയാണെങ്കില്‍   ചെലവു കുറഞ്ഞതും സുരക്ഷിതവുമായ  ഇന്ധന ലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കും. ബയോഗ്യാസ്  പ്ളാന്റിന്റെ പ്രധാന നേട്ടം നിര്‍മ്മാണം കഴിഞ്ഞാല്‍ ആവര്‍ത്തനച്ചെലവ് വരുന്നില്ല എന്നതാണ്.  ഇതിന്റെ.   പാചകാവശ്യത്തിന് പുറമെ വിളക്കുകള്‍ കത്തിക്കുവാനും പമ്പ്സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും ഈ വാതകം പ്രയോജനപ്പെടുത്താം


ബയോഗ്യാസ്:-


അന്തരീക്ഷവുമായി സമ്പര്‍ക്കമില്ലാത്തഅവസ്ഥയില്‍ ജൈവവസ്തുക്കളില്‍ സൂക്ഷ്മാണുക്കള്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന വാതകാണ് ബയോഗ്യാസ്.  55-70 ശതമാനം നിറമോ മണമോ ഇല്ലാത്ത മീതൈല്‍ വാതകവും, 30-45 ശതമാനത്തോളം കാര്‍ബണ്‍ ഡൈ ഓക്സൈഡും ചെറിയതോതില്‍ മറ്റ് വാതകങ്ങളായ നൈട്രജന്‍, ഹൈഡ്രജന്‍, ഹൈഡ്രജഡന്‍ സള്‍ഫൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, ഓക്സിജന്‍ എന്നിവയും   അടങ്ങിയിരിക്കുന്നു.  മീതൈല്‍ വാതകമാണ് കത്താനായി ഉപയോഗിക്കുന്നത്.  കരിയോ പുകയോ ഇല്ലാത്ത ഇളം നീലനിറത്തിലുള്ള ജ്വാലയോടെ  കത്തുന്ന ഈ വാതകം സുരക്ഷിതവും വിഷമയമില്ലാത്തവയുമാണ്.  ഇതുമൂലം അപകടമോ മറ്റാരോഗ്യ പ്രശ്നങ്ങളോ ഉണ്ടാവുന്നില്ല.  30-350  സെന്റിഗ്രേഡാണ് മീതൈല്‍ വാതകത്തിന് അനുകൂലമായ താപനില.  ചൂട് 100  താഴെയായാല്‍ ഗ്യാസുല്‍പാദനം നടക്കുകയില്ല.
    ജൈവവാതകം ഉപയോഗിച്ച് ആഹാരം പാകം ചെയ്യുകയാണെങ്കില്‍ കരിയോ പുകയോ ഉണ്ടാകാത്തതിനാല്‍  പാത്രങ്ങളും അടുക്കളയും ശുചിയായി സൂക്ഷിക്കുവാന്‍ കഴിയുന്നു.  പരിസര മലിനീകരണം ഉണ്ടാവുന്നില്ല.  വാതകത്തിന്റെ മര്‍ദ്ദം  കുറവായതിനാല്‍ അപകട സാധ്യതയും കുറവാണ്.  ചാണകം ഉണക്കി കത്തിക്കുന്നതിനാല്‍ 60 ശതമാനം ഇന്ധന ക്ഷമത  ഈ വാതകത്തിന് അധികമായുണ്ട്. 

ഉപയോഗിക്കാവുന്ന ജൈവമാലിന്യങ്ങള്‍


ബയോഗ്യാസുല്‍പാദിപ്പിക്കാന്‍ ചാണകമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.  എന്നാല്‍ മിക്കവാറും ജൈവവസ്തുക്കള്‍ ഇതിനായി പ്രയോജനപ്പെടുത്താം.  ആട്, കോഴി, പന്നി എന്നിവയുടെ വിസര്‍ജ്ജ്യങ്ങളും അടുക്കളയിലെ പാഴ് വസ്തുക്കള്‍, കാര്‍ഷികാവശിഷ്ടങ്ങള്‍ ചെറുതായി നുറുക്കിയ വയ്ക്കോല്‍, പച്ചപ്പുല്ല്, ജലസസ്യങ്ങള്‍ റബ്ബര്‍ഷീറ്റ് അടിച്ച് കഴിഞ്ഞ്  പാഴാക്കികഴയുന്ന വെള്ളം എന്നിവ ഇതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്.25 കിലോഗ്രാം  ചാണകത്തില്‍ നിന്നും 1 ക്യുബിക് മീറ്റര്‍ ഗ്യാസ് ഉല്‍പാദിപ്പിക്കാം. ഇതുപയോഗിച്ച്  നാലുപേര്‍ക്കാവാശ്യമായ ഭക്ഷണം തയ്യാറാക്കാം.


 പ്ളാന്റ് മോഡല്‍സ്.


    അരനൂറ്റാണ്ടിന് മുമ്പ് തന്നെ പ്ളാന്റിന്റെ നിര്‍മ്മാണ  സാങ്കേതികവിദ്യ ഇന്ത്യയില്‍ നിലവിലുണ്ടെങ്കിലും 1978 ല്‍ മാത്രമാണ് ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ നേതൃത്വത്തില്‍ ബയോഗ്യാസ് പ്ളാന്റുകള്‍ വ്യാപകമായി നിര്‍മ്മിക്കാന്‍ തുടങ്ങിയത്.  ആദ്യകാലങ്ങളില്‍ നിര്‍മ്മിച്ചിരുന്ന  ജനതാ മോഡല്‍ പ്ളാന്റുകള്‍ നിര്‍മ്മാണച്ചെലവ് കൂടിയവയാണ്.  1984-ഓടെ ആക്ഷന്‍ ഫോര്‍  ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായി ചെലവ് കുറഞ്ഞ ദീനബന്ധു മോഡല്‍ തയ്യാറാക്കപ്പെട്ടതോടെ പാവപ്പെട്ട സാധാരണക്കാര്‍ക്കും പ്ളാന്റുകള്‍ സ്ഥാപിക്കാമെന്നായി.  ഇതല്ലാതെ ഫ്ളോട്ടിംഗ് ഗ്യാസ് ഹോള്‍ഡര്‍, പ്രഗതിമോഡല്‍ ഫൈബര്‍ ഗ്ളാസ് എന്നീ മോഡലുകളും കേ ന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചവയാണ്.  കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത് ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ്’ കമ്മീഷന്റെ ഡ്രം മോഡലും കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മ#ിക്കുന്ന ജനത ദീന ബന്ധുമോഡലുകളുമാണ്.  ഡ്രം മോഡലിനെ അപേക്ഷിച്ച് നിര്‍മ്മാണച്ചെലവ് കുറഞ്ഞ ദീനബന്ധുവിന്റെ ഡ്യൂ മോഡലുകളാണ് ഇന്ന കൂടുതലായി നിര്‍മ്മിച്ചുവരുന്നത്.  പെട്ടന്നു കേടു സംഭവിക്കാത്തതിനാല്‍ ഇതിന് റിപ്പയര്‍ ചെലവുകളും കുറവായിരിക്കും.

ബയോ ഗ്യാസ് പ്ളാന്റിന്റെ പ്രധാന ഭാഗങ്ങള്‍ മിക്സിംഗ് ടാങ്ക്, ദഹന അറ(ഡൈജസ്റ്റര്‍ ടാങ്ക്), വാതക സംഭരണി, നിര്‍ഗ്ഗമന മാര്‍ഗ്ഗം(ഔട്ലറ്റ് ), വാല്‍വ്, സ്റ്റൌ എന്നിവയാണ്. 

പ്ളാന്റിന്റെ വലുപ്പം


    വീട്ടലെ അംഗങ്ങളുടെ എണ്ണം, കന്നുകാലികളുടെ എണ്ണം,ദിവസവും ലഭ്യമായ ചാണകത്തിന്റെ അളവ് എന്നിവ അടിസ്ഥാനമാക്കിയാണ് പ്ളാന്റിന്റെ വലിപ്പം നിര്‍ണ്ണയിക്കുന്നത്.
 പ്ളാന്റിന്റെ വലിപ്പം  ഒരുദിവസം നിറക്കേണ്ട ചാണകം  വീട്ടിലെ അംഗങ്ങളുടെ എണ്ണം  കന്നുകാലികളുടെ എണ്ണം
1 20-25 2-3 1-2
2 30-50 3-4 2-4
3 50-75 4-6 4-6
4 70-100 6-7 6-8
5 90-150 10-12 8-12

നിര്‍മ്മാണം- പ്രവര്‍ത്തനം
 

അടുക്കളയുടെയും തൊഴുത്തിന്റെയും സമീപത്തായിരിക്കണം പ്ളാന്റ് നിര്‍മ്മിക്കേണ്ടത്. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാത്തതുമായ സ്ഥലമായിരിക്കണം പ്ളാന്റ് നിര്‍മ്മാണത്തിന്    തെരഞ്ഞെടുക്കേണ്ടത്.  വീടിന്റെ അടിസ്ഥാനത്തില്‍ നിന്ന് 1 മീറ്ററും കിണറില്‍ നിന്ന് 10-15 മീറ്ററും അകലെ ആയിരിക്കണം.  ഇഷ്ടിക /ഫെറോസിമന്റ്  മണല്‍, സിമന്റ്, കമ്പി എന്നിവയാണ്   പ്ളാന്റ് നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികള്‍.  പ്ളാന്റ് നിര്‍മ്മാണത്തില്‍  പരിശീലനം ലഭിച്ച കല്‍പണിക്കാരെക്കൊണ്ടോ അംഗീകാരമുള്ള ടേണ്‍ കീ ഏജന്റുമാരെക്കൊണ്ടോ ആയിരിക്കണം പ്ളാന്റ് നിര്‍മ്മിക്കുന്നത്. 
അംഗീകാരമുള്ള ടേണ്‍കീ ഏജന്റുമാരെക്കൊണ്ട് നിര്‍മ്മിക്കുന്ന പ്ളാന്റുകള്‍ക്ക്  3 വര്‍ഷത്തെ ഗ്യാരണ്ടി ലഭിക്കും.  ടേണ്‍കീ ജോലിക്കായി ഒരു പ്ളാന്റിന് 700 രൂപ ധനസഹായം ലഭിക്കും. സഹകരണ സംഘങ്ങള്‍, രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍, സന്നദ്ധസംഘടനകള്‍, പരിശീലനം ലഭിച്ച വ്യവസായ സംരംഭകര്‍ എന്നിവര്‍ക്ക് ടേണ്‍ കീ ഫീസ് നല്‍കാം.  ഇവര്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പ്ളാന്റുകള്‍ സന്ദര്‍ശിച്ച്  പ്രവര്‍ത്തനം തൃപ്തി കരമാണെന്ന്   ഉറപ്പ് വരുത്തണം. 1 മുതല്‍ 10 ക്യുബിക് മീറ്റര്‍ വലുപ്പമുള്ള പ്ളാന്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്. 
പ്ളാന്റ് നിര്‍മ്മിക്കുന്നതിനും, കേടുപാടുകള്‍ തീര്‍ക്കുന്നതിനും  കേന്ദ്ര ഗവണ്‍മെന്റ് ധനസഹായം അനുവദിച്ചിട്ടുണ്ട്.  പട്ടികജാതി/പട്ടികവര്‍ഗ്ഗ/ചെറുകിട/നാമമാത്ര കര്‍ഷകര്‍ക്ക് 2300 രൂപയും സബ്സിഡി ലഭിക്കും.  പ്ളാന്റ് നിര്‍മ്മാണത്തിനാവശ്യമായ വായ്പ ബാങ്കുകള്‍ മുഖേന ലഭിക്കും. 

വായ്പയുടെ വിവരം
പ്ളാന്റിന്റെ വലിപ്പം         അനുവദനീയമായ വായ്പ തുക
(ക്യൂബിക്  മീറ്ററില്‍)                  വായ്പ തുക
    9712
    11809
    14235
    16298

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്ളാന്റിലേക്ക് പച്ചചാണകവും വെള്ളവും ഒരു കി. ഗ്രാം ചാണകത്തിന് 1 ലിറ്റര്‍ വെള്ളം എന്ന അനുപാതത്തിലാണ് കലക്കി ഒഴിക്കേണ്ടത്.  ആദ്യം ചാണകം നിറച്ച് 21 ദീവസം കഴിഞ്ഞശേഷം മാത്രമെ  ഗ്യാസ് ഉപയോഗിക്കാന്‍ പാടുള്ളൂ. പുതുതായി ചേര്‍ക്കുന്ന ചാണകത്തില്‍  നിന്ന് വാതകം പൂര്‍ണമായി ലഭിക്കാന്‍ 30-40 ദിവസം വേണം.  വാതകം  ഉപയോഗിക്കാന്‍ തുടങ്ങുന്ന ദിവസം മുതല്‍ എല്ലാ ദിവസവും  നിശ്ചിത അളവിലുള്ള  ചാണക ലായനി ദഹന അറയിലേക്ക് ഒഴിച്ചുകൊടുക്കണം.
ബയോഗ്യാസ് സ്ളറി
ബയോഗ്യസ് സ്ളറി അഥവാ പ്ളാന്റില്‍ നിന്ന് പുറത്ത് വരുന്ന ലായനി ചെടികള്‍ക്ക്  ഏറ്റവും നല്ല വളമാണ്. ഇതില്‍  ചാണകത്തിലേതിലേക്കാള്‍ കൂടിയ അളവില്‍ സസ്യ പോഷക ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.  ചെടികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന അമോണിയ രൂപത്തിലുള്ള നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, എന്നിവ ഇതിലുണ്ട്. ഇതുപയോഗിച്ച് കൃഷി ചെയ്യുമ്പോള്‍  10 - 20% വിള വര്‍ദ്ധനവ് ഉണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇതില്‍ നിന്ന് എളുപ്പം കമ്പോസ്റ്റ് തയ്യാറാക്കാം.
 

സാങ്കേതിക, സാമ്പത്തിക  സഹായങ്ങള്‍


    പ്ളാന്റുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായവും ഉപദേശവും അതാത് പ്രദേശത്തെ കൃഷിഭവന്‍ മുഖേന ലഭ്യമാകും.ആവശ്യമെങ്കില്‍ ബാങ്ക് വായ്പ  ലഭിക്കുന്നതിനുള്ള സഹായങ്ങളും കൃഷി ഭവനില്‍ നിന്ന് ചെയ്തുതരും.  നിര്‍മ്മാണം  പൂര്‍ത്തീകരിച്ച് പ്ളാന്റ് പ്രവര്‍ത്തിച്ചു തുടങ്ങിയാലുടനെ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും അനുവദിച്ചിട്ടുള്ള  സബ്സിഡി  കൃഷിഭവനില്‍ നിന്നും ലഭിക്കും.  സംസ്ഥാനാടിസ്ഥാനത്തില്‍  പദ്ധതി മേല്‍നോട്ടം വഹിക്കുന്നത് കൃഷി ഡയറക്ടറേറ്റിലെ  അഡീഷണല്‍ ഡയറക്ടര്‍(ബയോഗ്യസ്) ആണ്.  പ്ളാന്റിന്റെ പ്രവര്‍ത്തനം, സാങ്കേതിക വിദ്യ സംബന്ധിച്ച് കൃഷി ഓഫീസര്‍, അസിസ്റ്റന്റ്സ് എന്നിവര്‍ക്കും, പ്ളാന്റ് നിര്‍മ്മാണം, അറ്റകുറ്റപണികള്‍ എന്നിവ സംബന്ധിച്ച് കല്‍പണിക്കാര്‍ക്കും വിവിധ തരത്തിലുള്ള പരിശീലന പരിപാടികള്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍  നടത്തിവരുന്നു.  തിരുവനന്തപുരത്ത് വെള്ളായണിയിലുള്ള പരിശീലനകേന്ദ്രമാണ് പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നത്.

ബയോഗ്യാസ് പ്ലാന്‍റിന് അനര്‍ട്ടിന്റെ സബ്‌സിഡി 16,000 രൂപ; കൃഷിവകുപ്പിന്‍േറത് 8000

Posted on Mathrubhumi : 18 Feb 2012

സി.ആര്‍. കൃഷ്ണകുമാര്‍


കോഴിക്കോട്: ഒരേ വലിപ്പമുള്ള ബയോഗ്യാസ് പ്ലാന്‍റിന് കൃഷിവകുപ്പും സംസ്ഥാന ഊര്‍ജവകുപ്പിനു കീഴിലുള്ള അനര്‍ട്ടും നല്‍കുന്നത് വ്യത്യസ്ത സബ്‌സിഡി. രണ്ടുമീറ്റര്‍ ക്യൂബ് ശേഷിയുള്ള പ്ലാന്‍റിനാണ് ഈ തുക. കൃഷിവകുപ്പ് 8000 രൂപ സബ്‌സിഡി നല്‍കുമ്പോള്‍ അനര്‍ട്ടിന്റെ വിഹിതം 16,000 രൂപയാണ്.

കേന്ദ്ര പാരമ്പര്യേതര ഊര്‍ജവകുപ്പിന്റെ വിഹിതമായി 8000 രൂപവീതം കൃഷിവകുപ്പിനും അനര്‍ട്ടിനും ലഭിക്കുന്നുണ്ട്. കേന്ദ്രം നല്‍കുന്ന 8000 രൂപമാത്രം കൃഷിവകുപ്പ് ഉപഭോക്താക്കള്‍ക്ക് നല്‍കുമ്പോള്‍ അനര്‍ട്ട് കേന്ദ്രവിഹിതത്തിന് തുല്യമായ തുകകൂടി ചേര്‍ത്ത് സബ്‌സിഡിയായി നല്‍കുന്നു.

2012 ജനവരി മുതലാണ് സബ്‌സിഡിതുക അനര്‍ട്ട് 8000ത്തില്‍നിന്ന് 16000 രൂപയാക്കി വര്‍ധിപ്പിച്ചത്. ഇതോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന ബയോഗ്യാസ് പദ്ധതിയോട് ജനങ്ങള്‍ക്ക് താല്‍പര്യം കുറഞ്ഞു. പ്ലാന്‍റ് നിര്‍മാണം കഴിഞ്ഞ് ഒരുവര്‍ഷത്തിന് ശേഷമാണ് കൃഷിവകുപ്പ് ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിതുക കൈമാറുന്നത്. 2011-ല്‍ ബയോഗ്യാസ് പ്ലാന്‍റ് നിര്‍മിച്ചവര്‍ക്ക് 2012-ലാണ് സബ്‌സിഡി ലഭിച്ചത്. ഓരോ ജില്ലയിലും 200 പ്ലാന്‍റുകള്‍വീതം നിര്‍മിക്കുകയാണ് കൃഷിവകുപ്പിന്റെ ലക്ഷ്യം. എന്നാല്‍ അനര്‍ട്ട് സബ്‌സിഡി തുക വര്‍ധിപ്പിച്ചതോടെ വര്‍ഷം നൂറെണ്ണംപോലും നടപ്പാക്കാന്‍ കഴിയുകയില്ലെന്നുംസബ്‌സിഡി തുക കൂട്ടിയാല്‍മാത്രമേ ജനം മുന്നോട്ടു വരികയുള്ളൂവെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംസ്ഥാനസര്‍ക്കാര്‍ അനര്‍ട്ടിന് വിഹിതം നല്‍കുമ്പോള്‍ കൃഷിവകുപ്പിനെ അവഗണിക്കുകയാണെന്നാണ് കൃഷിവകുപ്പ് അധികൃതരുടെ പരാതി.

അംഗീകരിച്ച ഏജന്‍സികളെയാണ് കൃഷിവകുപ്പും അനര്‍ട്ടും പ്ലാന്‍റ് നിര്‍മാണത്തിനായി ഏല്‍പ്പിക്കുന്നത്. സബ്‌സിഡി തുക വര്‍ധിപ്പിച്ചതുമൂലം അനര്‍ട്ടിന്റെ അംഗീകൃതഏജന്‍സികള്‍ പ്ലാന്‍റ് നിര്‍മാണത്തിനായി വന്‍തുകയാണ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നതെന്ന് പരാതിയുമുണ്ട്. രണ്ടുമീറ്റര്‍ ക്യൂബ് ഫെറോ സിമന്‍റ് മോഡലിന് 28,000 രൂപയും ഇഷ്ടികകൊണ്ടുള്ള മോഡലിന് 40,000 രൂപയുമാണ് ഈടാക്കുന്നത്. കഴിഞ്ഞവര്‍ഷംവരെ ഇത് യഥാക്രമം 24,000 രൂപയും 35,000 രൂപയുമായിരുന്നു. വര്‍ഷംതോറും സംസ്ഥാനത്തൊട്ടാകെ 2000 പ്ലാന്‍റുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് അനര്‍ട്ട് അധികൃതര്‍ പറഞ്ഞു.

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...
ഇനി അതല്ല എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍

fbkrishi@gmail.com ലേക്ക് ഈമെയില്‍ അയക്കുക. (ദയവായി സമൂഹനന്‍മ കാത്തുസൂക്ഷികുക)

Share